കയ്‌റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്‌തിൽ നടന്ന ചർച്ചകൾ അവസാനിച്ചു. ഒന്നാംഘട്ട ചർച്ചകളാണ് നടന്നത്. ശുഭപ്രതീക്ഷയാണുള്ളതെന്ന് ഈജിപ്‌തിലെ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഗാസയിലെ യുദ്ധത്തിന് ഇന്ന് രണ്ടുവർഷം തികയുമ്പോൾ, ഈജിപ്‌തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിലാണ് ചർച്ച നടന്നത്.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയിൽ ഈജിപ്‌തിന്റെയും ഖത്തറിന്റെയും മധ്യസ്‌ഥതയിലാണ് ചർച്ച. ബന്ദികളുടെ മോചനവും പലസ്‌തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ച ചെയുക. ബന്ദികളുടെ മോചനമാണ് ഇസ്രയേൽ അജൻഡ.
ബന്ദികളുടെയും പലസ്‌തീൻ തടവുകാരുടെയും കൈമാറ്റത്തിനൊപ്പം ഇസ്രയേൽ വെടിനിർത്തലും സേനാ പിൻമാറ്റവുമാണ് ഹമാസിന്റെ ലക്ഷ്യം. ഹമാസ് പ്രതിനിധി സംഘം ഇന്നലെ രാവിലെയും ഇസ്രയേൽ സംഘം വൈകിട്ടും എത്തി. 2023 ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഏതാണ്ട് 1200 പേരാണ് കൊല്ലപ്പെട്ടത്.
251 പേരെ ബന്ദികളാക്കുകയും ചെയ്‌തു. ഇസ്രയേൽ അക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 67,160 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 1,69,679 പേർക്ക് പരിക്കേറ്റു. ഉപരോധം മൂലം ഗാസ കൊടുംപട്ടിണിയിലായി. 22 ലക്ഷം ജനങ്ങളിൽ 90 ശതമാനവും ഭവനരഹിതരായി.
ഇസ്രയേൽ പ്രതിനിധി സംഘത്തിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്‌ടാവ് ഒഫീർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവരും ചാരസംഘടനകളായ മൊസാദിന്റെയും ഷിൻ ബെറ്റിന്റെയും ഉദ്യോഗസ്‌ഥരുമുണ്ട്. ഇസ്രയേലിന്റെ ടീമിനെ നയിക്കുന്ന സ്‌ട്രോറ്റജിക് അഫയേഴ്‌സ് മന്ത്രി റോൺ ഡെർമർ ഈയാഴ്‌ച അവസാനമോ ഈജിപ്‌തിലെത്തൂ. ഹമാസ് മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ