ദുബായ്: ഗൾഫ് രാജ്യങ്ങളിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത ടൂറിസ്‌റ്റ് വിസ. പദ്ധതി ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് അധികൃതർ ഇക്കാര്യം വ്യക്‌തമാക്കിയത്. വിവിധ യൂറോപ്യൻ രാജ്യങ്ങൾ ഒരൊറ്റ ഷെങ്കൻ വിസയിലൂടെ സന്ദർശിക്കാവുന്ന മാതൃകയിലാണ് ഗൾഫ് രാജ്യങ്ങളും ഏകീകൃത വിസാ സംവിധാനം കൊണ്ടുവരുന്നത്.
കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രകൾക്ക് വലിയ സാധ്യതകൾ തുറക്കുന്നതാണ് പുതിയ വിസാ സംവിധാനം. ഏതാണ്ട് 10,000-12,000 രൂപയ്‌ക്ക് ഏകീകൃത വിസ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്ത് പോലെ വിസയ്‌ക്ക് വലിയ തുക വാങ്ങുന്ന രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തുന്നവർക്ക് ആയിരിക്കും ഇതുകൊണ്ട് കൂടുതൽ ഗുണം ഉണ്ടാകുന്നത്.
ഏകീകൃത വിസാ സംവിധാനം നടപ്പിലാക്കുന്നതോടെ വിനോദസഞ്ചാരികൾക്ക് ജിസിസി രാജ്യങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാനാവും. ഇത് എല്ലാ ഗൾഫ് രാജ്യങ്ങളിലെയും ടൂറിസത്തിന് ഗുണം ചെയ്യും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കുക എന്ന് ലക്ഷ്യമിട്ടാണ് പുതിയ വിസാ സംവിധാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഏകീകൃത ജിസിസി ടൂറിസ്‌റ്റ് വിസയുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സുരക്ഷയും സാങ്കേതികവുമായ ആശങ്കകൾ കാരണം ശ്രദ്ധാപൂർവം പരിഗണിച്ചായിരിക്കും ഇവ നടപ്പാക്കുകയെന്നും അധികൃതർ വ്യക്‌തമാക്കി. വിസ പ്രാബല്യത്തിൽ വരുന്നതോടെ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ പ്രത്യേകം വിസ ആവശ്യമുണ്ടാകില്ല. ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം.
Most Read| കത്രീന അമ്മൂമ്മ വേറെ ലെവൽ ആണ്; 95ആം വയസിലും വാർക്കപ്പണിയിൽ സജീവം








































