ന്യൂഡെൽഹി: കരസേനാ മുൻ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തിന്റെ പിഡിഎഫ് പ്രചരിക്കുന്ന സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ. കഴിഞ്ഞ ദിവസം പിഡിഎഫ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ സെൽ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പുസ്‌തകത്തിന്റെ പിഡിഎഫ് പകർപ്പ് വിവിധ വെബ്‌സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിലാണ് നടപടി. ജനറൽ നരവനെ എഴുതിയ ഓർമക്കുറിപ്പ് ‘ഫോർ സ്‌റ്റാർസ് ഓഫ് ഡെസ്‌റ്റിനി’ എന്ന പുസ്‌തകത്തിന്റെ പ്രീ-പ്രിന്റ് കോപ്പിയാണ് പിഡിഎഫ് കോപ്പികളായി സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ ഇതേ തലക്കെട്ടുള്ള ടൈപ്‌സെറ്റ് പുസ്‌തകത്തിന്റെ പിഡിഎഫ് പകർപ്പ് വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇത് തയ്യാറാക്കിയതെന്നാണ് സംശയം. കൂടാതെ, പുസ്‌തകം വിൽപ്പനയ്‌ക്ക് ലഭ്യമാണെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ കവർ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പിഡിഎഫ് പുറത്തുവിട്ടിട്ടില്ലെന്നുമാണ് പെൻഗ്വിൻ ബുക്‌സ് നൽകുന്ന വിശദീകരണം. പുസ്‌തകത്തിൽ ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ കോപ്പിയോ ഹാർഡ് കോപ്പിയോ വിൽപ്പനയ്‌ക്കോ വിതരണത്തിനോ എത്തിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ പുസ്‌തകം പ്രചരിപ്പിക്കുന്നത് പകർപ്പവകാശത്തിന്റെ ലംഘനമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും പെൻഗ്വിൻ ബുക്‌സ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
നരവനെയുടെ പുറത്തിറങ്ങാത്ത പുസ്‌തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ സംസാരിക്കാൻ ശ്രമിച്ചതാണ് പുസ്‌തകത്തെ കുറിച്ചുള്ള വിവാദങ്ങൾക്ക് തുടക്കമായത്. ഇത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. രാഹുലിന്റെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
അഗ്‌നിപഥ് സ്‌കീം, ഗൽവാനിലെ സംഘർഷം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്. ഒരുവർഷത്തിലേറെയായി പുസ്‌തകം സർക്കാരിന്റെ മുന്നിലുണ്ട്. എന്നാൽ, കേന്ദ്രം ഇതുവരെ പ്രസിദ്ധീകരണത്തിന് അനുമതി നൽകിയിട്ടില്ല. 2023 ഡിസംബറിൽ നരവനെയുടെ പുസ്‌തകത്തെ ചൊല്ലി വിവാദം ഉയർന്നിരുന്നു.
2024 ഏപ്രിലിൽ പുറത്തിറക്കാനായി തയ്യാറാക്കിയതായിരുന്നു പുസ്‌തകം. പ്രതിരോധ മന്ത്രാലയമാണ് ഇതിന് ആവശ്യമായ ക്ളിയറൻസ് നൽകേണ്ടത്. മുതിർന്ന സൈനിക ഉദ്യോഗസ്‌ഥർ പുസ്‌തകം ഇറക്കുമ്പോൾ അതിലെ കാര്യങ്ങൾ കേന്ദ്രം പരിശോധിച്ച് ക്ളിയറൻസ് നൽകേണ്ടതുണ്ട്.
പ്രസിദ്ധീകരിക്കാത്ത പുസ്‌തകം പരാമർശിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവർ വാദിച്ചപ്പോൾ പ്രിന്റ് ചെയ്‌ത പതിപ്പുമായി പിന്നീട് രാഹുൽ ഗാന്ധി സഭയിൽ എത്തിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ക്ളിയറൻസ് കിട്ടാത്ത പുസ്‌തകത്തിന്റെ പകർപ്പ് എങ്ങനെ പുറത്തുവന്നു എന്നതിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































