കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ച സംഭവത്തിൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കണ്ണൂർ സിറ്റി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് (11) മതിയായ ചികിൽസ ലഭിക്കാതെ മരിച്ചത്. അതേസമയം, വിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് നൽകേണ്ടിയിരുന്ന അടിയന്തിര ചികിൽസ നിഷേധിച്ചെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ‘ജപിച്ച് ഊതൽ’ നടത്തിയെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
കേസിൽ പുരോഹിതനെയും കുട്ടിയുടെ അടുത്ത ബന്ധുവിനെയും പ്രതിചേർക്കും. കഴിഞ്ഞ വർഷങ്ങളിലും പ്രദേശത്ത് സമാന രീതിയിൽ മരണം നടന്നിരുന്നു. സംഭവത്തെ കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കലശലായ പനി മൂലം ഫാത്തിമയെ താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് ദിവസമായി ഫാത്തിമ പനി ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്നു.
കുട്ടിക്ക് ആവശ്യമായ വൈദ്യചികിൽസ നൽകാതെ മന്ത്രവാദ ചികിൽസ നൽകിയതിയതാണ് മരണകാരണമെന്ന് കാണിച്ച് പിതൃസഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ച അന്ന് തന്നെ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. അതേസമയം, ഫാത്തിമയ്ക്ക് ശരിയായ രീതിയിലുള്ള ചികിൽസ വീട്ടുകാർ നൽകിയിരുന്നില്ലെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. ശ്വാസകോശത്തിലെ അണുബാധ, അനീമിയ, കടുത്ത പനി എന്നിവയാണ് മരണകാരണമെന്നാണ് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Most Read: ജോജുവിന്റെ വാഹനം തകർത്ത കേസ്; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും








































