പമ്പയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകൾ വച്ചുപിടിപ്പിച്ച 23-കാരൻ പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. അപസ്മാര ബാധയെ തുടർന്നുള്ള വീഴ്ചയിൽ മസ്തിഷ്ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ എആർ അനീഷിന്റെ കൈകളാണ് സേലം സ്വദേശിയായ ഗോകുലപ്രിയനിൽ വെച്ചുപിടിപ്പിച്ചത്.
അമൃത ആശുപത്രിയിൽ പ്ളാസ്റ്റിക് ആൻഡ് റീകൺസ്ട്രേറ്റീവ് വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഒക്ടോബർ 22നായിരുന്നു ശസ്ത്രക്രിയ. കുടുംബ സംരംഭമായ കോഴി ഫാമിലെ മേൽക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 2018ലാണ് ഗോകുലപ്രിയന് ഇരു കൈകളും നഷ്ടമായത്.
മുത്തച്ഛൻ അപകടത്തിൽ മരിക്കുകയും ചെയ്തിരുന്നു. ചികിൽസയ്ക്കായി അമൃതയിലേക്കുള്ള യാത്രയ്ക്ക് സൗകര്യാർഥം ഹരിപ്പാട്ടുള്ള വീട്ടിലേക്ക് ഗോകുലപ്രിയൻ താമസം മാറ്റിയിരുന്നു. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനീ പദ്ധതി വഴിയാണ് ഗോകുലപ്രിയന് അനീഷിന്റെ കൈകൾ ലഭിച്ചത്. അനീഷിന്റെ തന്നെ ആഗ്രഹ പ്രകാരമാണ് അവയവങ്ങൾ ദാനം ചെയ്തത്.
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈകൾ തുന്നിച്ചേർത്തത്. 32 ദിവസത്തെ ചികിൽസയ്ക്ക് ശേഷം ആശുപത്രി വിട്ട ഗോകുലപ്രിയനെ അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ എന്നിവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് യാത്രയാക്കി. കൈകൾ ലഭിച്ചതോടെ തനിക്ക് പഴയ ജീവിത തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗോകുലപ്രിയൻ പറഞ്ഞു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം





































