പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്‌ഥാപിച്ചു. ഇന്ന് വൈകീട്ട് നാലുമണിയോടെ നട തുറന്നതിന് പിന്നാലെയാണ് സ്വർണപ്പാളികൾ പുനഃസ്‌ഥാപിച്ചത്. ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ച് സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വിശദമായ മഹസർ തയ്യാറാക്കിയ ശേഷമാണ് ഇവ പുറത്തെടുത്തത്. തുടർന്ന് ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാരപ്രകാരം ദ്വാരപാലക ശിൽപ്പങ്ങളിൽ സ്‌ഥാപിക്കുകയായിരുന്നു. ആദ്യം സ്വർണം പൂശിയ പീഠവും പിന്നാലെ പാളികളും ശിൽപ്പങ്ങളിൽ സ്‌ഥാപിച്ചു. ഒരുമണിക്കൂറിലേറെ സമയമെടുത്താണ് ചടങ്ങുകൾ പൂർത്തിയായത്.
സ്വർണപ്പാളി വിഷയം ഏറെ വിവാദമായതിനാൽ കോടതിയുടെ കർശന നിരീക്ഷണമുണ്ടായിരുന്നു. തന്ത്രിയും മേൽശാന്തിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്തും സന്നിഹിതരായിരുന്നു. സാധാരണ മാസപൂജയ്‌ക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നതെങ്കിലും ശിൽപ്പത്തിന്റെ ജോലികൾ ചെയ്യേണ്ടതിനാലാണ് ഇക്കുറി നേരത്തെ തുറന്നത്.
സെപ്‌തംബർ ഏഴിന് സന്നിധാനത്ത് നിന്ന് ചെന്നൈ സ്‍മാർട്ട് ക്രിയേഷൻസിൽ അറ്റകുറ്റപ്പണിക്കായി അഴിച്ചുകൊണ്ടുപോയ പാളികൾ 21നാണ് സന്നിധാനത്ത് തിരിച്ചെത്തിച്ചത്. അതേസമയം, നാളെ തുലാമാസ പുലരിയിൽ ഉഷഃപൂജയ്‌ക്ക് ശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും. നാളെ മുതൽ 22 വരെ ദിവസവും ഉദയാസ്‌തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുന്നാൾ പ്രമാണിച്ച് 21ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി പത്തിന് നട അടയ്‌ക്കും.
Most Read| സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി; ചുമതലയേറ്റു