സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പുതിയ ഉയരങ്ങളിലേക്ക് ഓരോ ദിവസവും കുതിച്ചുപായുകയാണ് സ്വർണം. കേരളത്തിൽ ഇന്ന് പവന് 920 രൂപ കൂടി 89,480 രൂപയായി. ഇന്നലെ 88,000 ഭേദിച്ച സ്വർണവില, ഇന്ന് 89,000വും കടന്നിരിക്കുകയാണ്. ഇന്നുച്ചയ്ക്ക് 90,000 രൂപ തൊടാനുള്ള സാധ്യതയും അതിശക്തമാണ്.
രാജ്യാന്തര സ്വർണവില ഔൺസിന് 4000 ഡോളറിന് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. ഇന്ന് രാവിലെ 90 ഡോളർ ഉയർന്ന് വില എക്കാലത്തെയും ഉയരമായ 3,977,39 ഡോളറായി.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകളും പ്രവർത്തന ചിലവിന് ഫണ്ടില്ലാതെ ട്രംപിന്റെ സർക്കാർ ഷട്ട്ഡൗണിന്റെ 7ആം നാളിലേക്ക് കടന്നതുമാണ് സ്വർണത്തിന് നേട്ടമാകുന്നത്.
യുഎസിന്റെ സാമ്പത്തിക മേഖലയിൽ പ്രതിസന്ധി കലുഷിതമായതോടെ സുരക്ഷിത നിക്ഷേപം എന്ന പെരുമ കിട്ടുന്നതാണ് സ്വർണവിലയെ മേലോട്ട് നയിക്കുന്നത്. അതായത് ഡോളറിനെയും കടപ്പത്രത്തെയും ഓഹരികളെയും കൈവിട്ട് നിക്ഷേപകർ സ്വർണ ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് പണമൊഴുക്കുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ വെറും 2500 ഡോളറായിരുന്ന രാജ്യാന്തര വിലയാണ് ഇപ്പോൾ 4000ന് അടുത്തെത്തി നിൽക്കുകയാണ്.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി