കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കോടികളുടെ സ്വർണ വേട്ട. നാല് പേരിൽ നിന്നായി അഞ്ചേമുക്കാൽ കിലോഗ്രാം സ്വർണം ആണ് പിടികൂടിയത്.
ഷാർജയിൽ നിന്ന് ജി-9456 വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി 3.36 കിലോ സ്വർണ മിശ്രിതം ആണ് ഒളിച്ച് കടത്താൻ ശ്രമിച്ചത്. ശരീരത്തില്‍ പല ഭാഗങ്ങളിലായി ഒളിപ്പിച്ചും കാലിൽ സോക്‌സിന് മുകളിൽ കെട്ടി വെച്ചുമാണ് ആണ് ഇയാൾ സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ചത്.
ഷാർജയിൽ നിന്നും ഇതേ വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി 501 ഗ്രാം സ്വർണ മിശ്രിതമാണ് കടത്താന്‍ ശ്രമിച്ചത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. കണ്ണൂരിൽ നിന്നുള്ള കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ നൽകിയ വിവരപ്രകാരം ആണ് ഇയാളെ പിടികൂടിയത്.
ഷാർജയിൽ നിന്നുള്ള ഐഎക്‌സ് 354 വിമാനത്തിൽ വന്ന കാസർഗോഡ് സ്വദേശി 1069 ഗ്രാം സ്വർണ മിശ്രിതമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇതേ വിമാനത്തിൽ വന്ന മലപ്പുറം കരേക്കോട് സ്വദേശി 854 ഗ്രാം സ്വർണ മിശ്രിതം കസ്‌റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്ത് കടത്താൻ ശ്രമിച്ചു. ഇയാളും സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ട് വന്നത്.
മൂന്ന് കേസുകൾ ഡിആർഐ നൽകിയ വിവര പ്രകാരമാണ് പിടികൂടിയത് എന്ന് എയർപോർട്ട് ഇന്റലിജൻസ് അധികൃതർ അറിയിച്ചു. രണ്ട് കോടി നാൽപത് ലക്ഷം രൂപയാണ് പിടിച്ചെടുത്ത സ്വർണത്തിന് വില മതിക്കുന്നത്.
Also Read: രാഹുൽ ഗാന്ധി വയനാട്ടിൽ; ഇന്നും നാളെയും വിവിധ പരിപാടികളിൽ പങ്കെടുക്കും









































