തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ജയിലിൽ നിന്നും ഇറങ്ങുന്നത് വൈകുന്നു. സ്വപ്ന സുരേഷ് പ്രതിയായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും ജാമ്യ ഉപാധികള്‍ നൽകുന്നതിലുള്ള കാലതാമസമാണ് മോചനം വൈകാൻ കാരണം. ആറ് കേസുകളിലാണ് സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിട്ടുള്ളത്.
ഇന്നലെയാണ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ചത്. ഇതിന് മുമ്പും പല കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമുള്ള രേഖകള്‍ കോടതിയിൽ നൽകിയിരുന്നില്ല. അവസാന കേസിലും ജാമ്യം ലഭിച്ചതോടെ എല്ലാ കേസുകളിലും ജാമ്യക്കാരെ ഹാജരാക്കാനുള്ള നടപടികള്‍ സ്വപ്നയുടെ അഭിഭാഷകരും ബന്ധുക്കളും ചെയ്യുകയാണ്.
ജാമ്യ ഉപാധികള്‍ സമർപ്പിച്ചതിന്റെ രേഖകള്‍ ഇന്ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിച്ചാൽ മാത്രമേ സ്വപ്നയ്ക്ക് ഇന്ന് പുറത്ത് ഇറങ്ങാൻ സാധിക്കുകയുള്ളു. നാളെ കോടതി അവധിയായതിനാൽ ഇന്നു തന്നെ എല്ലാ ജാമ്യ ഉപാധികളും സമർപ്പിക്കാനാണ് നീക്കം. അറസ്റ്റിലായി ഒരു വർഷവും മൂന്നു മാസവും പിന്നിടുമ്പോഴാണ് സ്വപ്ന സുരേഷിന് എൻഐഎ കേസിൽ ജാമ്യം കിട്ടുന്നത്.
കസ്റ്റംസ് കേസിലും ഇഡി കേസിലും നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. കോഫേ പോസ പ്രകാരമുളള കരുതൽ തടങ്കലും അടുത്തയിടെ റദ്ദാക്കി. സ്വർണക്കളളക്കടത്ത് കേസിലെ മറ്റ് പ്രതികളായ സരിത്, റമീസ്, മുഹമ്മദാലി, ഷറഫുദ്ദീൻ, റബിൻസ് ജലാൽ, മുഹമ്മദ് ഷാഫി എന്നിവർക്കും ജാമ്യം ലഭിച്ചു. സ്വപ്നയുൾപ്പെടെ എല്ലം പ്രതികളും 25 ലക്ഷം രൂപ വീതം കെട്ടിവെയ്ക്കണമെന്നാണ് പ്രധാന ജാമ്യവ്യവസ്ഥ.
Also Read: തിരുവനന്തപുരം അമ്പൂരിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല








































