കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്.
ശിവശങ്കറിനെ കസ്‌റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കസ്‌റ്റംസ് കോടതിയിൽ അപേക്ഷ നൽകും. ജുഡീഷ്യൽ കസ്‌റ്റഡിയിൽ ഉളള ഒരു പ്രതിയെ കസ്‌റ്റംസിന്റെ കസ്‌റ്റഡിയിൽ ലഭിക്കാൻ അനുമതി വാങ്ങേണ്ടതുണ്ട്. അതനുസരിച്ചായിരിക്കും തുടർ നടപടി.
ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ ഇന്നലെ കോടതി അനുമതി നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്‌റ്റംസ് കോടതിയില്‍ ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്‌റ്റിന് അനുമതി നല്‍കിയത്.
അതേസമയം വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്‌നയേയും സരിതിനെയും കസ്‌റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്‌റ്റംസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതിയാണ് അപേക്ഷ പരിഗണിക്കുക. രണ്ടു പേരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
Also Read: ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്‌റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും








































