കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന കേസിലെ പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം (യുഎപിഎ) ചുമത്താനുള്ള തെളിവുകൾ കേസ് ഡയറിയിലില്ലെന്ന് കോടതി. ഇവരുടെ തീവ്രവാദ ബന്ധം വ്യക്‌തമായി സ്‌ഥാപിക്കാൻ ആവശ്യമായ തെളിവും, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന എൻഐഎ വാദം സ്‌ഥാപിക്കാനുള്ള തെളിവും ലഭ്യമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസ് ഡയറി പരിശോധിക്കുന്നതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് “പ്രതികളായ 10 പേരും സാമ്പത്തിക നേട്ടത്തിനാണ് സ്വര്‍ണം കടത്തിയത്.” എന്നാണ്. അതല്ലാത്ത വാദങ്ങളൊന്നും സ്‌ഥാപിക്കാൻ ആവശ്യമായ വിവരങ്ങൾ നിലവിലെ കേസ് ഡയറിയിൽ നിന്ന് കണ്ടെത്താൻ കഴിയുന്നില്ല എന്നും കോടതി വിലയിരുത്തി
കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎ സംഘത്തിന്റെ വാദമനുസരിച്ച് കേസിലെ 10 പ്രതികള്‍ക്കെതിരെയും ഭീകരവിരുദ്ധ നിയമം ചുമത്താൻ കഴിയും എന്നായിരുന്നു. ഈ വാദത്തെ പിന്തുണക്കാൻ ആവശ്യമായ വിവരണങ്ങളും സാധ്യതകളിലേക്കുള്ള വിവരണങ്ങളും കേസ് ഡയറിയിൽ നൽകിയിരുന്നു. എന്നാൽ ഈ വാദങ്ങളെ സ്‌ഥാപിക്കാൻ ആവശ്യമായ തെളിവുകൾ കേസ് ഡയറിയിൽ ഉൾപ്പെടുത്തുന്നതിൽ എൻഐഎ പരാജയപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ദാവൂദ് ഇബ്രാഹിമിന്‍റെ സംഘവുമായുള്ള പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട് . ദാവൂദ് സംഘത്തിലുള്ള താന്‍സാനിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യക്കാരൻ ഫിറോസ് ഒയാസിസുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്നും എൻഐഎ അറിയിച്ചിട്ടുണ്ട്.
2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്‌റ്റംസ് പിടിച്ചെടുത്തതോടെ ആരംഭിച്ച വിവാദങ്ങൾക്ക് പുതിയ വഴിത്തിരിവാണ് കോടതിയുടെ നിലവിലെ കണ്ടെത്തൽ. ഈ കേസിൽ കോൺസുലേറ്റിലെ പബ്ളിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്‌ഥനായിരുന്ന സരിത്തിനെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌ത നിമിഷം മുതൽ ആരംഭിച്ചതാണ് രാജ്യവിരുദ്ധ പ്രവർത്തനത്തിന് സ്വർണ്ണം കടത്തിയതാണ് എന്ന ആരോപണം.
Most Read: വാട്സ്ആപ് സേവനങ്ങള്‍ ചില ഫോണുകളില്‍ അവസാനിപ്പിക്കുന്നു
കേസിൽ കൂട്ടുപ്രതികളായ മുൻ കോൺസുലേറ്റ് ഉദ്യോഗസ്‌ഥ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, ഫൈസൽ ഫരീദ്, സംസ്‌ഥാന ഐ.ടി സെക്രട്ടറി ശിവശങ്കരൻ എന്നിവരുൾപ്പെടുന്ന റാക്കറ്റിൽ മന്ത്രി ജലീൽ ഉൾപ്പെടെയുള്ള വൻകണ്ണികൾ ഉണ്ടെന്നും ഇത് അന്താരാഷ്‌ട്ര ഭീകരരുടെ വലയാണ് എന്നുമായിരുന്നു പ്രചാരണം. ഇത്തരം പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് കോടതിയുടെ വിലയിരുത്തൽ. എന്നാൽ, യു.എ.ഇ കോൺസുലേറ്റിന്റെ വിലാസത്തിലേക്ക് സ്വർണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്‌തമായ ഉത്തരം ആയിട്ടില്ല.
സഹായത്തിനും തിരുത്തലുകൾക്കും വിക്കിയിലേക്ക് സ്വാഗതം