മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ കെഎം ജ്വല്ലറി ഉടമസ്‌ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ പട്ടാമ്പി റോഡിലെ ജൂബിലി റോഡ് ജങ്ഷന് സമീപത്തായിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ യൂസഫിനെ (50) പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊട്ടി റോഡിലെ ജ്വല്ലറി പൂട്ടി സ്വർണവുമായി സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. വീടെത്തുന്നതിന് തൊട്ടുമുമ്പാണ് കവർച്ച നടന്നത്.
കാറിലെത്തിയ നാലോളം പേരടങ്ങിയ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പോലീസിൽ നൽകിയ പരാതി. അപ്രതീക്ഷിതമായി വാഹനം ഇടിച്ചിട്ട ശേഷം ഇരുവരുടെയും കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച യൂസഫിന്റെ മൂക്കിന് ശക്‌തിയായി ഇടിച്ചു. ശേഷം ബാഗിലും സ്‌കൂട്ടറിന്റെ സീറ്റിനടിയിലുമായി ഉണ്ടായിരുന്ന സ്വർണവുമായി കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.
വിവരം ലഭിച്ചയുടൻ തന്നെ പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു ഊർജിത അന്വേഷണം തുടങ്ങി. അക്രമിച്ചവർ മുഖംമൂടി ധരിച്ചിരുന്നു. പോലീസ് സംഘം കാറിനെ പാലക്കാട് വരെ പിന്തുടർന്നിരുന്നു. കാറിന്റെ നമ്പർ മനസിലാക്കാനായെങ്കിലും ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.
Most Read| റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത; അഭിമാന നിമിഷം