പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോഗ്രാം സ്വർണവും ഏഴരലക്ഷം രൂപയും കവർന്ന കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. കേസിലെ മുഖ്യപ്രതികളായ സിക്കന്തർ ബാഷ, ഷംസുദ്ദീൻ, അൻപരശൻ എന്നിവരെയാണ് കോയമ്പത്തൂർ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്.
പ്രതികളിൽ നിന്നും 212 പവൻ സ്വർണവും അഞ്ചരലക്ഷം രൂപയും വീണ്ടെടുത്തതായി കോയമ്പത്തൂർ മേഖലാ ഐജി സുധാകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം എട്ടിനാണ് സ്വർണ വ്യാപാരിയായ ഷൺമുഖം കവർച്ചയ്‌ക്കിരയായത്. ഇദ്ദേഹം സ്‌ഥിരമായി സ്വർണം വാങ്ങുന്ന ജ്വല്ലറിയിലെ ജീവനക്കാരൻ ഭവാനി സിങ് നേരത്തെ അറസ്‌റ്റിലായിരുന്നു. ഷൺമുഖം വേണ്ടത്ര സുരക്ഷയില്ലാതെ കോടികളുടെ സ്വർണം കൊണ്ടുപോകുന്ന കാര്യം ബാഷയെ അറിയിച്ചത് ഭവാനിസിങ്ങാണ്.
ബാഷയാണ് കവർച്ചക്കേസിൽ പ്രധാനപ്രതി. കോയമ്പത്തൂർ സ്‌ഫോടന കേസിൽ പ്രതിയായിരുന്ന ബാഷ ഇപ്പോൾ പച്ചക്കറിക്കച്ചവടം നടത്തുകയാണ്.
അതേസമയം ഇനിയും പണവും സ്വർണവും വീണ്ടെടുക്കാനുണ്ടെന്നും രണ്ട് പ്രതികൾകൂടി പിടിയിലാകാനുണ്ടെന്നും ഐജി അറിയിച്ചു. പ്രതികളെ കണ്ടെത്താൻ സഹായിച്ച അന്വേഷണ സംഘത്തിന് ഐജി പുരസ്‌കാരം നൽകി. കേരളത്തിൽനിന്നും കർണാടകത്തിൽ നിന്നുമാണ് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്.
Malabar News: കോഴിക്കോടും സമാന്തര ലോട്ടറി തട്ടിപ്പ്; രണ്ടുപേർ അറസ്‌റ്റിൽ







































