കാഞ്ഞങ്ങാട്: ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ചു വീണ് വൈദ്യുത തൂൺ തകർന്നു. കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാത കവലയിൽ ഇന്നലെ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. മംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് ഷീറ്റ് മേൽക്കൂര ഉണ്ടാക്കുന്ന കോയിലുമായി പോവുകയായിരുന്ന ലോറിയിൽ നിന്ന് കൂറ്റൻ സാധനങ്ങൾ റോഡിലേക്ക് വീഴുകയായിരുന്നു.
24 ടണ്ണും 10 ടണ്ണും ഭാരമുള്ള രണ്ട് കോയിലുകളാണ് റോഡിലേക്ക് തെറിച്ചു വീണത്. ഉരുണ്ട് നീങ്ങിയ രണ്ട് കോയിലുകളും സമീപത്തെ എച്ച്ടി വൈദ്യുത തൂണിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ തൂണുകൾ ഇടിഞ്ഞു തൂങ്ങി. കെഎസ്ടിപി പാതയിൽ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ റോഡ് നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
മുൻപും സമാനമായ രീതിയിലുള്ള അപകടങ്ങൾ ഇവിടെ സംഭവിച്ചതായി ഡ്രൈവർമാരും പ്രദേശവാസികളും പറയുന്നു. അപകടം വാഹനത്തിരക്ക് കുറഞ്ഞ സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി. ക്രെയിൻ കൊണ്ടുവന്ന് കോയിലുകൾ വീണ്ടും ലോറിയിലേക്ക് മാറ്റി. കെഎസ്ഇബി ജീവനക്കാർ പുതിയ തൂൺ സ്ഥാപിച്ച് വൈദ്യുത തടസം ഒഴിവാക്കി.
Also Read: മലപ്പുറത്ത് ബഡ്സ് സ്കൂളിലെ സയൻസ് ലാബിൽ തീപിടുത്തം







































