കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അറുപതോളം പേർക്ക് പരിക്കേറ്റതായാണ് ഒടുവിലത്തെ വിവരം. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായി.
അസമിലെ സിൽചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദാറിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇന്ന് രാവിലെ 8.50ന് രംഗപാണി സ്‌റ്റേഷൻ വിട്ടതിന് പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. ചരക്ക് ട്രെയിൻ സിഗ്‌നൽ മറികടന്ന് കാഞ്ചൻജംഗ എക്‌സ്‌പ്രസുമായി കൂട്ടിയിടിക്കുക ആയിരുന്നുവെന്നാണ് റിപ്പോർട്.
അതിനിടെ, ഡാർജിലിങ് ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്‌റ്റി കമ്മീഷൻ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്‌തമാക്കി. അപകട സ്‌ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അപകട കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവും, ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസിന്റെ നാല് ബോഗികളാണ് തകർന്നത്. മരിച്ചവരിൽ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും, അസിസ്‌റ്റന്റും, കാഞ്ചൻജംഗ എക്‌സ്‌പ്രസിന്റെ ഗാർഡും ഉൾപ്പെടും. ദേശീയ, സംസ്‌ഥാന ദുരന്തനിവാരണ സേനകളും, പോലീസും നാട്ടുകാരുമെല്ലാം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, പശ്‌ചിമ ബംഗാളിലെ മന്ത്രിമാരുമായി സംസാരിച്ചു സ്‌ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 60,000 രൂപയും പ്രധാനമന്ത്രിയും സഹായധനം പ്രഖ്യാപിച്ചു. രാഷ്‍ട്രപതി ദ്രൗപതി മുർമുവും അതീവ ദുഃഖം രേഖപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജിയും പ്രതികരിച്ചു.
Most Read| യുക്രൈൻ സമാധാന ഉച്ചകോടി; പ്രസ്‌താവനയിൽ ഒപ്പുവെക്കാതെ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങൾ