തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കിയയച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഓർഡിനൻസ് മടക്കിയയച്ചത്.
സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള ഓർഡിനൻസിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് രണ്ടു ഓർഡിനൻസുകൾ.
ഓരോ തദ്ദേശ സ്‌ഥാപനത്തിലും 2011ലെ ജനസംഖ്യാനുപാതികമായി വാർഡുകളും അതിർത്തികളും പുനർനിർണയിക്കും. 2021ൽ സെൻസസ് നടക്കാത്തതിനാലാണ് 2011ലെ ജനസംഖ്യ അടിസ്‌ഥാനമാക്കുന്നത്. ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. പൊതുതിരഞ്ഞെടുപ്പ് നടത്തി 2025 ഡിസംബറിൽ പുതിയ തദ്ദേശ പ്രതിനിധികൾ അധികാരമേൽക്കുന്നത് പുതിയ വാർഡുകളുടെ അടിസ്‌ഥാനത്തിലായിരിക്കും.
ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകൾ ഉള്ളത് ഓർഡിനൻസുകൾ വരുന്നതോടെ 14 മുതൽ 24 വരെയാകും. ജില്ലാ പഞ്ചായത്തുകളിൽ 16 മുതൽ 32 വരെ ഡിവിഷനുകൾ എന്നത് 17 മുതൽ 33 വരെയാകും. നഗരസഭകളിൽ 25 മുതൽ 52 വരെ വാർഡുകൾ എന്നത് 26 മുതൽ 53 വരെയാകും. കോർപറേഷനുകളിൽ 55 മുതൽ 100 വരെയെന്നത് 56 മുതൽ 101 ആയി മാറും.
സംസ്‌ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളും 152 ബ്ളോക്ക് പഞ്ചായത്തുകളിലായി 2080 ഡിവിഷനുകളുമാണ് നിലവിലുള്ളത്. 87 നഗരസഭകളിൽ 3113, ആറ് കോർപറേഷനുകളിൽ 414 എന്നിങ്ങനെയാണ് വാർഡുകളുടെ എണ്ണം.
Most Read| സമരം ശക്‌തമാക്കും; നേതാക്കളുടെ വീട് വളയാൻ കർഷകർ- ബിജെപിക്ക് ആശങ്ക