ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച ആരംഭിച്ചു. വിജ്ഞാന് ഭവനിലാണ് കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ച നടക്കുന്നത്. നാല്പതോളം കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
ഇന്ന് പ്രശ്നത്തിന് ഒരു പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ചര്‍ച്ചക്ക് മുന്‍പായി പ്രതികരിച്ചു. എല്ലാ വിഷയങ്ങളും ചര്‍ച്ചയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനമില്ലെങ്കില്‍ സമരത്തിന്റെ സ്വഭാവം മാറ്റുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഭേദഗതികള്‍ക്ക് കര്‍ഷകര്‍ വഴങ്ങില്ല.
ചര്‍ച്ചയില്‍ കേന്ദ്രം വഴങ്ങിയില്ലെങ്കില്‍ സമരം കൂടുതല്‍ തീവ്രമാക്കാനായി രണ്ടാഴ്ചത്തെ സമര പരിപാടികള്‍ കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 6 ആം തീയതി ഡെല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനും റിപ്പബ്ളിക് ദിനത്തില്‍ രാജ്പഥില്‍ കിസാന്‍ പരേഡ് നടത്താനും തീരുമാനമുണ്ട്.
Read Also: നിയന്ത്രണം മാറ്റി; തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ ഇനി എല്ലാ സീറ്റുകളിലും പ്രവേശനം







































