ന്യൂഡെല്‍ഹി: ശീതകാല സമ്മേളനം നടക്കാനിരിക്കെ പാര്‍ലമെന്റില്‍ നിന്ന് 20 എംപിമാരെ പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന. മണ്‍സൂണ്‍ സമ്മേളനത്തിനിടെ സഭയില്‍ ബഹളമുണ്ടാക്കിയ 20 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നാണ് റിപ്പോർട്.
സഭാ നടപടികളുടെ സുഗമമായ നടത്തിപ്പ് അനുവദിക്കാത്ത എംപിമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് ആഗസ്‌റ്റില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ എംപിമാര്‍ മേശപ്പുറത്ത് നില്‍ക്കുകയും ഗ്ളാസുകള്‍ തകര്‍ക്കുകയും വനിതാ മാര്‍ഷലുകളെ കൈയേറ്റം ചെയ്യുകയും ചെയ്‌തുകൊണ്ട് പാര്‍ലമെന്റിനെ അനാദരിക്കുകയാണെന്ന് ഗോയൽ ആരോപിച്ചിരുന്നു.
പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ടും കര്‍ഷക സമരവുമായി ബന്ധപ്പെട്ടുമായിരുന്നു പാര്‍ലമെന്റിലെ ബഹളം. കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ നിരവധി പ്രതിപക്ഷ എംപിമാര്‍ മേശപ്പുറത്ത് കയറി കറുത്ത തുണി വീശി ഫയലുകള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ പ്രതിഷേധിക്കുന്നതിനിടെ പുരുഷ മാര്‍ഷലുകള്‍ തങ്ങളെ മര്‍ദ്ദിച്ചതായി രാജ്യസഭയിലെ ചില വനിതാ കോണ്‍ഗ്രസ് എംപിമാര്‍ ആരോപിച്ചിരുന്നു.
Read also: മൈസൂരു കൂട്ടബലാൽസംഗ കേസ്; കുറ്റപത്രം സമര്‍പ്പിച്ചു







































