ന്യൂഡെൽഹി: വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കില്ല. സംയുക്‌ത പാർലമെന്ററി യോഗത്തിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ബില്ലിൽ നിന്ന് പിൻവലിഞ്ഞത്.
അദാനി വിവാദത്തെ ചൊല്ലി ഇന്നും പാർലമെന്റ് സ്‌തംഭിച്ചിരുന്നു. വഖഫ് നിയമഭേദഗതിയിലെ റിപ്പോർട്ടിന് അന്തിമരൂപം നൽകാൻ ചേർന്ന യോഗം പ്രതിപക്ഷ പ്രതിഷേധത്തിലും കലാശിച്ചു. നടപടികൾ പൂർത്തിയായെന്നും റിപ്പോർട് മറ്റന്നാൾ കൈമാറുമെന്നും സമിതി അധ്യക്ഷൻ ജഗദാംബിക് പാൽ അറിയിച്ചതോടെയാണ് പ്രതിപക്ഷ നേതാക്കൾ പ്രകോപിതരായത്.
ഡെൽഹി, പഞ്ചാബ്, ജമ്മു കശ്‌മീർ, പശ്‌ചിമ ബംഗാൾ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ സർക്കാരും വഖഫ് ബോർഡുകളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഗണിക്കാതെ എങ്ങനെ അന്തിമ റിപ്പോർട് തയ്യാറാക്കുമെന്ന് നേതാക്കൾ ചോദിച്ചു. തുടർന്ന് പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ നിലപാട് ചില ബിജെപി എംപിമാരും ശരിവെച്ചതോടെ സമിതിയുടെ കാലാവധി നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
അടുത്ത വർഷം നടക്കുന്ന ബജറ്റ് സമ്മേളനം വരെ ജെപിസിയുടെ കാലാവധി നീട്ടി. അദാനി വിവാദം ഇന്നും പാർലമെന്റിന്റെ ഇരുസഭകളിലും കത്തി. അദാനിയെ അറസ്‌റ്റ് ചെയ്യണമെന്നും അമേരിക്കയിലെ നിയമനടപടികളുടെ പശ്‌ചാത്തലത്തിൽ സംയുക്‌ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്നും കോൺഗ്രസ് ലോക്‌സഭയിലും രാജ്യസഭയിലും ആവശ്യപ്പെട്ടു.
Most Read| ഇസ്രയേൽ-ലബനൻ വെടിനിർത്തലിന് ധാരണ