വാഷിങ്ടൻ: ലോകത്തിന് ആശ്വാസമായി ഇസ്രയേൽ- ഹിസ്ബുല്ല യുദ്ധഭീതി ഒഴിയുന്നു. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ബുധനാഴ്‌ച പ്രാദേശിക സമയം പുലർച്ചെ നാലുമുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു. വെടിനിർത്തൽ തീരുമാനം സന്തോഷകരമായ വാർത്തയാണെന്ന് ബൈഡൻ പറഞ്ഞു.
വെടിനിർത്തൽ തീരുമാനം പ്രഖ്യാപിച്ച് വൈറ്റ് ഹൗസിൽ നിന്ന് ലോകത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്നും ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ യാഥാർഥ്യമാകുന്നതോടെ ഗാസയിലും വെടിനിർത്തലിന് തന്റെ സർക്കാർ ശ്രമം ആരംഭിക്കുമെന്നും ബൈഡൻ വ്യക്‌തമാക്കി.
മേഖലയിലെ സംഘർഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിർത്തലെന്നും കരാർ ലംഘിച്ചാൽ സ്വയരക്ഷയെ കരുതി ശക്‌തമായി തിരിച്ചടിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു. യുഎസും ഫ്രാൻസും മധ്യസ്‌ഥത വഹിച്ചാണ് വെടിനിർത്തൽ കരാറിന് രൂപം നൽകിയത്. വെടിനിർത്തൽ ധാരണയെ ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി മികാട്ടി സ്വാഗതം ചെയ്‌തു.
അതേസമയം, ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെ ലബനന്റെ തലസ്‌ഥാനമായ ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. വെടിനിർത്തൽ നിലവിൽ വരുന്നതിന് മുൻപ് ഹിസ്ബുല്ലയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് സൂചന.
Most Read| ഭരണഘടന ശരിയായ ദിശ കാണിച്ചുതരുന്ന വഴിവിളക്ക്; പ്രധാനമന്ത്രി