ന്യൂഡെൽഹി: ഭരണഘടന നമുക്ക് ശരിയായ ദിശ കാണിച്ചുതരുന്ന വഴിവിളക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ഭരണഘടനയുടെ 75ആം വാർഷികത്തിൽ സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ഭരണഘടന നമ്മുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റിയ വഴിവിളക്കാണ്. ജമ്മു കശ്‌മീരിൽ ഭരണഘടന പൂർണമായും നടപ്പിലാക്കി, ആദ്യമായി അവിടെ ഭരണഘടനാ ദിനം ആചരിച്ചു. ‘രാഷ്‌ട്രം ആദ്യം’ എന്ന വികാരം ഭരണഘടനയെ നൂറ്റാണ്ടുകളോളം ജീവസുറ്റതാക്കി നിലനിർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
75 വർഷത്തെ വെല്ലുവിളികൾ നേരിടാൻ ഭരണഘടന യഥാർഥ പാത കാണിച്ചു തന്നു. അടിയന്തരാവസ്‌ഥയുടെ വെല്ലുവിളി നേരിടാനും ഭരണഘടന സഹായിച്ചുവെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്ന് 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് രാഷ്‍ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
ഭരണഘടനയുടെ 75ആം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക നാണയത്തിന്റെ പ്രകാശനവും പ്രത്യേക സ്‌റ്റാമ്പിന്റെ പ്രകാശനവും രാഷ്‍ട്രപതി നിർവഹിച്ചു. 75 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. ഒരുവർഷത്തെ ആഘോഷ പരിപാടികൾക്കാണ് രാജ്യത്ത് ഇന്ന് തുടക്കമായത്. ‘നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്ന പ്രമേയത്തിലാണ് കേന്ദ്ര സർക്കാർ ആഘോഷ പരിപാടികൾ.
അതിനിടെ, പാർലമെന്റിന്റെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഷ്‍ട്രപതി രാഹുൽ ഗാന്ധി ദ്രൗപതി മുർമുവിനെ അഭിവാദ്യം ചെയ്യാതെ പരിഹസിച്ചുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഭരണഘടന വാർഷികാഘോഷ ചടങ്ങിൽ രാഷ്‌ട്രപതിയുടെ അഭിവാദ്യം സ്വീകരിക്കാതെ രാഹുൽ ഗാന്ധി തിരിഞ്ഞു നടന്നുവെന്നാണ് ആരോപണം.
രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ധാർഷ്‌ട്യമാണെന്ന് വീഡിയോ പങ്കുവെച്ചു ബിജെപി നേതാവ് അമിത് മാളവ്യ എക്‌സിൽ കുറിച്ചു. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്‍ട്രപതി ദ്രൗപതി മുർമുവിനെ അഭിവാദ്യം ചെയ്‌തിട്ടില്ലെന്ന വിമർശനമാണ് മാളവ്യ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ മറ്റ് ബിജെപി നേതാക്കളും വിഷയം ഏറ്റുപിടിച്ചിട്ടുണ്ട്.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി