തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ നാളെ മതസംഘടനകളുമായി ചർച്ച നടത്തും. വെള്ളിയാഴ്‌ച വൈകീട്ട് 4.30നാണ് ചർച്ച. ബുധനാഴ്‌ച നടത്താനിരുന്ന ചർച്ചയാണ് നാളത്തേക്ക് മാറ്റിയത്. സമസ്‌ത അടക്കം വിവിധ സംഘടനകൾ സമയമാറ്റത്തെ ശക്‌തമായി എതിർത്തിരുന്നു.
സമരപ്രഖ്യാപനം ഉൾപ്പടെ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായത്. ഹൈക്കോടതി നിർദ്ദേശപ്രകാരം പഠനസമയം അരമണിക്കൂർ വർധിപ്പിച്ചതാണ് സംഘടനകളുടെ എതിർപ്പിനിടയാക്കിയത്. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ക്ളാസ് നടത്താനുള്ള തീരുമാനം മതപഠനത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്‌ത ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
അതേസമയം, സ്‌കൂൾ സമയമാറ്റം നിശ്‌ചയിച്ചത് കോടതി നിർദ്ദേശപ്രകാരമാണെന്നും ഇക്കാര്യം സംഘടനകളെ ബോധ്യപ്പെടുത്താനാണ് ചർച്ചയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ തീരുമാനം മാറ്റിയില്ലെങ്കിൽ ഓഗസ്‌റ്റ് അഞ്ചിന് കളക്‌ട്രേറ്റുകൾക്ക് മുന്നിലും സെപ്‌തംബർ 30ന് സെക്രട്ടറിയേറ്റിന് മുന്നിലും ധർണ നടത്തുമെന്ന് സമസ്‌ത അറിയിച്ചിരുന്നു.
എട്ടുമുതൽ പത്താം ക്‌ളാസുവരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂർ കൂടി വർധിപ്പിച്ച് കഴിഞ്ഞമാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്‌ക്ക് ശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വർധിപ്പിച്ചത്. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം.
Most Read| മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്; പ്രതികളെ വെറുതെ വിട്ട വിധിക്ക് സ്‌റ്റേ