തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാതിരിക്കുകയും മുൻകാല ഭവന പദ്ധതികളിൽ സഹായം ലഭിച്ചെങ്കിലും നിർമാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന പട്ടിക ജാതിക്കാരുടെ ഭവനങ്ങൾ വാസയോഗ്യമാക്കാൻ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിർമാണം മുടങ്ങിപ്പോയ വീടുകൾ പൂർത്തീകരിക്കുക എന്നതായിരുന്നു ലൈഫ് മിഷന്റെ ഒന്നാം ഘട്ടം. മുൻ ഭവന പദ്ധതികളിൽ മുഴുവൻ ധനസഹായം കൈപ്പറ്റാത്ത കുടുംബങ്ങളെയാണ് ഒന്നാം ഘട്ടത്തിൽ പരിഗണിച്ചത്.
അവസാന ഗഡു കൈപ്പറ്റിയിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രവർത്തി പൂർത്തിയാക്കാൻ കഴിയാതെ പോയതും കാലപ്പഴക്കം കൊണ്ട് വാസയോഗ്യമല്ലാത്തതുമായ നിരവധി വീടുകളുണ്ടെന്ന് പട്ടിക ജാതി വികസന വകുപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 10000 പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമാക്കുന്നതിന് ‘റഫ് കോസ്റ്റ് എസ്റ്റിമേറ്റിന്റെ’കീഴിൽ 1,50,000 രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ് പുതിയ പദ്ധതി. കുറഞ്ഞ തുക ചെലവഴിച്ചാൽ വാസയോഗ്യമാക്കാവുന്ന വീടുകൾക്കാണ് മുൻഗണന. 135 കോടി രൂപ ഈ പദ്ധതിക്ക് സർക്കാർ അനുവദിച്ചിട്ടുണ്ട്.







































