കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായാണ് യുവി ജോസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫിസിൽ എത്തിയിരിക്കുന്നത്. അറസ്‌റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
സന്തോഷ് ഈപ്പന് ഒപ്പമിരുത്തിയാവും യുവി ജോസിനെ ചോദ്യം ചെയ്യുക. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ യൂണിടാക്കിന് നൽകിയത് സംബന്ധിച്ച് യുവി ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയത്. കോഴയുടെ ഒരു പങ്ക് യുവി ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും.
യുവി ജോസിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്‌തിരുന്നു. ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്‌താണ് ജോസിനെ ഇഡി വിട്ടയച്ചത്. അതേസമയം, സന്തോഷ് ഈപ്പൻ വ്യാഴാഴ്‌ചവരെ ഇഡി കസ്‌റ്റഡിയിൽ തുടരും. പദ്ധതിയുടെ ഭാഗമായി ഒമ്പത് കോടിയോളം രൂപ ഉദ്യോഗസ്‌ഥർക്ക് ഉൾപ്പടെ കൈക്കൂലി നൽകിയെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. നിലവിൽ നാലരക്കോടിയുടെ കോഴയിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അതേസമയം, കേസിൽ സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളിലും ഇഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സ്വപ്‌നയെ സ്‌പേസ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ചതിന്റെ വിശദാംശങ്ങൾ ഇഡി തേടിയിട്ടുണ്ട്. സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ ആയിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികൾക്കും ഇഡി നോട്ടീസ് അയച്ചിരിക്കുകയാണ്.
Most Read: മോദി വിരുദ്ധ പോസ്‌റ്റർ; ഡെൽഹിയിൽ 100 പേർക്കെതിരെ കേസ്- ആറുപേർ അറസ്‌റ്റിൽ