കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിൽസക്ക് എത്തുന്ന സ്‌ത്രീകൾക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മീഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ സന്ദർശിച്ചു സംസാരിക്കുക ആയിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. യുവതിക്ക് നീതി ലഭിക്കുന്നത് വരെ പൂർണ പിന്തുണ ഉണ്ടാകുമെന്നും പി സതീദേവി വ്യക്‌തമാക്കി.
ആശുപത്രിയിൽ ശസ്‌ത്രക്രിയ കഴിഞ്ഞു വാർഡിലേക്ക് മാറ്റുന്നവർക്കും രോഗികളായ സ്‌ത്രീകൾക്കും വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാക്കും. കൂടാതെ, ആശുപത്രി ജീവനക്കാരുടെ കണക്കുകൾ സർക്കാരിനോട് ആവശ്യപ്പെടുമെന്നും കമ്മീഷൻ അറിയിച്ചു. പീഡനത്തിന് ഇരയായ യുവതിക്ക് എല്ലാ സഹായങ്ങളും നൽകും. നീതി ലഭിക്കുന്നത് വരെ എല്ലാ പിന്തുണയും നൽകുമെന്നും കമ്മീഷൻ അറിയിച്ചു. സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലുമായും വനിതാ കമ്മീഷൻ ചർച്ച നടത്തി.
ശനിയാഴ്‌ച രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ പീഡനം നടന്നത്. തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്കകം സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുമ്പോഴായിരുന്നു യുവതിക്ക് നേരെ പീഡനം ഉണ്ടായത്. ശസ്‌ത്രക്രിയക്ക് ശേഷമുള്ള മയക്കത്തിൽ നിന്ന് പാതി ഉണർന്നിരിക്കവെയാണ് ആക്രമണം ഉണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയെ പീഡിപ്പിച്ച അറ്റൻഡർ വടകര മയ്യന്നൂർ സ്വദേശി ശശീന്ദ്രനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Most Read: മോദി വിരുദ്ധ പോസ്‌റ്റർ; ഡെൽഹിയിൽ 100 പേർക്കെതിരെ കേസ്- ആറുപേർ അറസ്‌റ്റിൽ