കൊച്ചി: ലൈഫ് മിഷൻ കോഴയിടപാട് കേസിൽ അറസ്‌റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ കലൂർ പിഎംഎൽഎ കോടതിയിൽ സന്തോഷ് ഈപ്പനെ ഹാജരാക്കും. കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സന്തോഷ് ഈപ്പനെ കസ്‌റ്റഡിയിൽ ലഭിക്കാൻ ഇഡി വീണ്ടും ആവശ്യപ്പെട്ടേക്കും. ലൈഫ് മിഷൻ കോഴയിടപാട് കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ.
കേസിൽ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യപ്രകാരം മൂന്ന് ദിവസത്തേക്കാണ് സന്തോഷ് ഈപ്പനെ കോടതി ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടത്. ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസിനെയും സന്തോഷ് ഈപ്പനെയും കഴിഞ്ഞ ദിവസം ഇഡി ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തിരുന്നു. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് ഇഡിക്ക് ലഭിച്ച രേഖകളുടെ അടിസ്‌ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി ഒന്ന് പരിഗണിക്കും. അതിനിടെ, കേസിൽ സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളിലും ഇഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സ്വപ്‌നയെ സ്‌പേസ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ചതിന്റെ വിശദാംശങ്ങൾ ഇഡി തേടിയിട്ടുണ്ട്. സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ ആയിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
Most Read: കായംകുളം ആശുപത്രിയിൽ രോഗിയുടെ ആക്രമണം; ജീവനക്കാർക്ക് കുത്തേറ്റു