ടെൽ അവീവ്: ഇസ്രയേലിന്റെ സമുദ്ര ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ അറസ്‌റ്റിലായ സ്വീഡിഷ് കാലാവസ്‌ഥാ പ്രചാരണ പ്രവർത്തക ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെ 170 സന്നദ്ധപ്രവർത്തകരെ നാടുകടത്തി ഇസ്രയേൽ.
ഇസ്രയേൽ ഉപരോധം ലംഘിച്ച് ഗാസയിൽ സഹായമെത്തിക്കാൻ ശ്രമിക്കുന്ന അന്താരാഷ്‌ട്ര കൂട്ടായ്‌മയായ ഫ്രീഡം ഫ്ളോട്ടില്ലയുടെ ‘ഗ്ളോബൽ സുമൂദ് ഫ്ളോട്ടില്ല’ ദൗത്യത്തിന്റെ ഭാഗമായ കപ്പലുകളെ അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിൽ വെച്ച് ഇസ്രയേൽ സൈന്യം തടഞ്ഞിരുന്നു. ഇതിലുണ്ടായിരുന്ന നൂറുകണക്കിന് പ്രവർത്തകരെ സൈന്യം കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.
470ഓളം പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ പലരെയും കഴിഞ്ഞ ദിവസങ്ങളിലായി നാടുകടത്തി വരികയായിരുന്നു. ഗ്രെറ്റ തുൻബെർഗിനെയും മറ്റു 170 പേരെയും ഇന്നാണ് നാടുകടത്തിയത്. തെക്കൻ ഇസ്രയേലിലെ റമോൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഗ്രീസിലേക്കും സ്ളോവാക്യയിലേക്കുമാണ് ഇവരെ അയച്ചതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗ്ളോബൽ സുമൂദ് ഫ്ളോട്ടില്ലയുടെ ഭാഗമായ 341 പേരെ ഇതിനോടകം നാടുകടത്തിയതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. 138 പേർ ഇനി ഇസ്രയേൽ പോലീസിന്റെ കസ്‌റ്റഡിയിൽ അവശേഷിക്കുന്നതായാണ് വിവരം.
Most Read| ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; വോട്ടെണ്ണൽ നവംബർ 14ന്