തൃശൂർ: സ്വർണാഭരണ നിർമാണ ഫാക്‌ടറികളിലും കടകളിലും അടക്കം തൃശൂർ ജില്ലയിലെ 75 കേന്ദ്രങ്ങളിൽ സംസ്‌ഥാന ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുകയാണെന്നും ജിഎസ്‌ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചിന് ആരംഭിച്ച പരിശോധന രാവിലെയും തുടരുകയാണ്. സംസ്‌ഥാനത്തെ ഏറ്റവും വലിയ ജിഎസ്‌ടി റെയ്‌ഡ് ആണ് ഇതെന്നാണ് സൂചന. കണക്കിൽപ്പെടാത്ത സ്വർണവും രേഖകളുമാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.
ഓപ്പറേഷൻ ടോറെ ഡെൽ ഓറോ (സ്‌പെയിനിലുള്ള ടവർ ഓഫ് ഗോൾഡ് എന്ന ഗോപുരം) എന്ന പേരിലാണ് റെയ്‌ഡ്. 640 ഉദ്യോഗസ്‌ഥരാണ് റെയ്‌ഡിൽ പങ്കെടുക്കുന്നത്. വീടുകളിലും ഫ്‌ളാറ്റുകളിലും പരിശോധന നടത്തുന്നുണ്ട്. കൊച്ചിയിലേക്ക് ട്രെയിനിങ് എന്ന പേരിൽ ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്തിയാണ് റെയ്‌ഡ് ആസൂത്രണം ചെയ്‌തത്.
ജിഎസ്‌ടി സ്‌പെഷ്യൽ കമ്മീഷണർ റെൻ ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന. തൃശൂരിൽ എത്തിച്ചതിന് ശേഷമായിരുന്നു ഉദ്യോഗസ്‌ഥരോട് റെയ്‌ഡിനെ കുറിച്ച് പറഞ്ഞത്. തൃശൂരിലെ ചെറുകിട സ്വർണവിൽപ്പന കേന്ദ്രങ്ങളിൽ ബിൽ നൽകാതെയാണ് സ്വർണം വിൽക്കുന്നതെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡ്.
ഉദ്യോഗസ്‌ഥർ സ്‌റ്റോക് രജിസ്‌റ്ററും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് കണക്കിൽപ്പെടാത്ത സ്വർണമാണ് പിടിച്ചെടുത്തതെന്ന് ജിഎസ്‌ടി ഇന്റലിജന്സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. ഇനിയിവർക്ക് നോട്ടീസ് നൽകി രേഖകൾ സമർപ്പിക്കാനും വിശദീകരണം നൽകാനും അവസരം നൽകും. അതിനുശേഷമാകും തുടർനടപടികൾ. പിടിച്ചെടുത്ത സ്വർണം ഇന്ന് ട്രഷറിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!