ഫിലിപ്പീൻസിന് ഇന്ത്യൻ കരുത്തിന്റെ കാവൽ; ബ്രഹ്‌മോസ് വാങ്ങുന്ന ആദ്യ രാജ്യം

By News Desk, Malabar News
Philippines to buy brahmos
Ajwa Travels

ന്യൂഡെൽഹി: ദക്ഷിണപൂർവേഷ്യൻ രാജ്യമായ ഫിലിപ്പീൻസുമായി ആയുധ കരാറിനൊരുങ്ങി ഇന്ത്യ. ഇത് സംബന്ധിച്ച കരാർ അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പീൻസ് പ്രസിഡണ്ട് റോഡ്രിഗോ ഡ്യുടേർട്ടും ഒപ്പുവെക്കും. ഇന്ത്യയും റഷ്യയും സംയുക്‌തമായി നിർമിച്ച ബ്രഹ്‌മോസ് മിസൈലാണ് ഫിലിപ്പീൻസ് വാങ്ങുക. ഇതോടെ ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്ന ആദ്യ ദക്ഷിണപൂർവേഷ്യൻ രാജ്യമായി ഫിലിപ്പീൻസ് മാറും.

കരാർ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ബ്രഹ്‌മോസ് വിദഗ്‌ധ സംഘം ഫിലിപ്പീന്റെ തലസ്‌ഥാനമായ മനില സന്ദർശിക്കും. കരാർ ഒപ്പുവെക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും ഫെബ്രുവരിയിൽ കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരുന്നുകളുടെ വിതരണവും വിമാന റൂട്ടുകൾ സംബന്ധിച്ചുള്ള കരാറുകളും ഇതിനോടൊപ്പം ഒപ്പ് വെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ, പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ഒരു കരാർ ഒപ്പിടാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ബ്രഹ്‌മോസ് മിസൈലുകൾ കൈമാറാൻ തീരുമാനിച്ചത്. എന്നാൽ തീരുമാനം നീണ്ടുപോയതോടെ ബ്രഹ്‌മോസ് മറ്റ് രാജ്യങ്ങളിലേക്ക് നൽകാൻ തീരുമാനിച്ചതായി ബ്രഹ്‌മോസിന്റെ റഷ്യ വിഭാഗം മേധാവി റോമൻ ബബുഷ്‌കിൻ മുമ്പ് അറിയിച്ചിരുന്നു. ഇതിന്റെ തുടക്കമായിട്ടാണ് ഫിലിപ്പീൻസുമായുള്ള കരാർ.

500 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്‌മോസ് സ്വന്തമാകുന്നതോടെ കഴിഞ്ഞ വർഷം സ്‌ഥാപിച്ച ഫിലിപ്പീൻസ് സൈന്യത്തിന്റെ മിസൈൽ വിക്ഷേപണ വിഭാഗം കൂടുതൽ കരുത്താർജിക്കും. ഫിലിപ്പീൻസിന് പുറമേ തായ്‌ലാൻഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ പ്രതിരോധ കരാർ ചർച്ചകൾ നടത്തി വരികയാണ്.

ഇന്തോനേഷ്യയിലെ യുദ്ധക്കപ്പലുകളിൽ ബ്രഹ്‌മോസ് സ്‌ഥാപിക്കുന്നതിന് 2018ൽ വിദഗ്‌ധ സംഘം പരിശോധന നടത്തിയിരുന്നു. 2017ൽ മോദിയുടെ ഫിലിപ്പീൻസ് സന്ദർശനത്തിലാണ് ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണത്തിന് ആദ്യമായി കരാർ ഒപ്പ് വെച്ചത്.

National News: തൊഴിലവസരങ്ങൾക്ക് പുതിയ പദ്ധതി; മെഗാ സാമ്പത്തിക പാക്കേജുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE