ഡെൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘ഗുലാബ്’ ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച്, മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
വ്യാഴാഴ്ച വൈകിട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന് ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയേറെയാണെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്.
ഖത്തറാണ് ചുഴലിക്കാറ്റിന് ‘ഷഹീന്’ എന്ന പേര് നല്‍കിയത്.
അതേസമയം ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ഈ ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച രാവിലെ മറാത്ത് വാഡ, വിദര്‍ഭ എന്നിവിടങ്ങളിലേക്ക് നീങ്ങി വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്.
സെപ്റ്റംബര്‍ 30ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ തീവ്രമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
Most Read: കൊടകര കുഴൽപ്പണ കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി







































