കയ്‌റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്‌തിൽ ചർച്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഹമാസ്. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നും പൂർണമായി പിൻമാറണമെന്നും ഉപാധികൾ ഇല്ലാതെ മരുന്നും ഭക്ഷണവും നൽകണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. വെടിനിർത്തൽ സ്‌ഥിരമായിരിക്കണമെന്ന നിബന്ധനയും ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ശാശ്വതമായ വെടിനിർത്തലും ഇസ്രയേലിന്റെ പൂർണമായ പിൻമാറ്റവും വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഇന്ന് രണ്ടാംവട്ട ചർച്ച നടക്കാനിരിക്കെയാണ് ഹമാസ് മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്. ഗാസയുടെ പുനർനിർമാണം ഉടൻ തുടങ്ങണമെന്നും ഇതിന് മേൽനോട്ടം വഹിക്കുന്നത് പലസ്‌തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
അതിനിടെ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ 20ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് സർക്കാരിനെതിരെ ഈ പാർട്ടികൾ പരസ്യമായി രംഗത്തെത്തിയത്.
അതേസമയം, ചർച്ചകളിൽ ഇപ്പോഴും ശുഭ പ്രതീക്ഷയെന്നാണ് ഇസ്രയേൽ പറയുന്നത്. സമാധാന നീക്കം വേഗത്തിലാക്കാൻ ട്രംപ് നിയോഗിച്ച ദൗത്യ സംഘവും ഈജിപ്‌തിലെ കെയ്‌റോവിലേക്ക് എത്തുന്നുണ്ട്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം