ടെൽ അവീവ്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി, ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ച് തുടങ്ങി. മൂന്ന് ഘട്ടങ്ങളിലായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ ഏഴുപേരെയാണ് വിട്ടയച്ചത്.
ഖാൻ യൂനിസ്, നെറ്റ്‌സരീം എന്നിവിടങ്ങളിൽ വെച്ച് റെഡ് ക്രോസ് അധികൃതർക്കാണ് ബന്ദികളെ കൈമാറുന്നത്. മോചിതരായവരെ റെഡ് ക്രോസ് ഉടൻ ഇസ്രയേൽ സൈന്യത്തിന് കൈമാറും. മോചിതരായ ഇസ്രയേലികളുടെ ബന്ധുക്കൾ ടെൽ അവീവിൽ എത്തിയിട്ടുണ്ട്. അതേസമയം, മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകിയേക്കും.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെടുന്ന 20 ഇസ്രയേലി ബന്ദികളുടെ പേരുകൾ ഹമാസ് ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. ഇസ്രയേൽ ബന്ദികളെ കൈമാറിയതോടെ ഇസ്രയേൽ ജയിലുകളിൽ കഴയുന്ന 250 പലസ്‌തീൻ തടവുകാരെയും ഉടൻ കൈമാറും. വെടിനിർത്തൽ കരാറിന്റെ ഭാഗമായി 2000 പലസ്‌തീൻ തടവുകാരെയാണ് ഇസ്രയേൽ മോചിപ്പിക്കുക.
2023 ഒക്‌ടോബർ ഏഴിന് ഹമാസ് അതിർത്തി കയറി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേൽ പൗരൻമാരെ ബന്ദികളാക്കിയത്. തുടർന്ന് 737 ദിവസങ്ങൾ നീണ്ട തടവറ വാസത്തിന് ശേഷമാണ് ബന്ധിമോചനം സാധ്യമായത്. ട്രംപിന് പുറമെ ഈജിപ്‌ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ബന്ദി മോചനത്തിന് മധ്യസ്‌ഥത വഹിച്ചിരുന്നു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി