ഗാസ: മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വെച്ച് ഹമാസ് റെഡ് ക്രോസിന് കൈമാറിയത്. ഇവരെ സ്വീകരിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ബന്ദികളെ മോചിപ്പിച്ചതിന് പകരമായി ഇസ്രയേൽ ജയിലിൽ കഴിയുന്ന 369 പലസ്‌തീൻ തടവുകാരെ ഇസ്രയേലും വിട്ടയക്കും. ഈ മൂന്ന് ബന്ദികളെ കൈമാറാൻ ശനിയാഴ്‌ച വരെയായിരുന്നു ഹമാസിന് ഇസ്രയേൽ നൽകിയ സമയപരിധി. ബന്ദികളുടെ മോചനം വൈകിയാൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെ ഈജിപ്‌തും ഖത്തറുമായി നടത്തിയ മധ്യസ്‌ഥ ചർച്ചയ്‌ക്ക് ശേഷമാണ് ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായത്. അതേസമയം, ബന്ദികളെ വിട്ടയച്ചെങ്കിലും ഗാസയിലെ സ്‌ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. ഗാസയിലെ മാനുഷിക സഹായങ്ങൾ തടഞ്ഞുവെയ്‌ക്കുന്നതായി ഹമാസ് ആരോപിച്ചു.
ഇനിയും മാനുഷിക സഹായങ്ങൾ ഗാസയിലെത്തിയില്ലെങ്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് ഭീഷണിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഇതുവരെ 19 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. ഹമാസിന്റെ തടവിലുള്ള കൂടുതൽ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതിനിടെ, 22 ലക്ഷം പലസ്‌തീനികളെ മാറ്റി ഗാസ സ്വന്തമാക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് ബദൽ പദ്ധതിയുമായി അറബ് രാജ്യങ്ങൾ രംഗത്തെത്തി. ഹമാസിനെ ഒഴിവാക്കി രാജ്യാന്തര പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കാനാണ് അറബ് രാജ്യങ്ങൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ