കയ്‌റോ: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന് അനുകൂല സമീപനവുമായി ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിന് ഉടനടി ചർച്ചകൾക്ക് തയ്യാറാണെന്നാണ് ഹമാസ് പറഞ്ഞിരിക്കുന്നത്. സ്‌ഥിരമായി വെടിനിർത്തലിലേക്ക് നയിക്കുന്നതാവണം ഈ ചർച്ചകളെന്ന ഉറപ്പ് വേണമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പലസ്‌തീനിലെ മറ്റു വിഭാഗങ്ങളുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഹമാസിന്റെ പ്രഖ്യാപനം ഉണ്ടായത്. വെടിനിർത്തൽ നിലവിൽ വരുന്നതോടുകൂടി ഗാസയിൽ അടിയന്തിരമായി സഹായമെത്തിക്കാൻ കഴിയും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തിങ്കളാഴ്‌ച യുഎസിലെത്തി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്താനിരിക്കുന്നതിന് മുൻപേതന്നെ ചർച്ചയ്‌ക്ക് തയ്യാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
അതേസമയം, വിഷയത്തിൽ ഇസ്രയേലും യുഎസും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഹമാസിനെ നിരായുധീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂ എന്നാണ് ഇസ്രയേലിന്റെ നിലപാട്. ഹമാസ് ഇത് അംഗീകരിക്കുന്നില്ല. അതേസമയം, വെടിനിർത്തലിന് ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങളും ശ്രമം നടത്തുന്നുണ്ട്. വെടിനിർത്തലിന് അരികിലാണെന്നും ഹമാസിന്റെ ചില ആവശ്യങ്ങളിൽ ഇനിയും ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 57,268 പേർ കൊല്ലപ്പെടുകയും 1,35,625 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നത്. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1139 പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്‌തിരുന്നു. ഇതിൽ 20ൽപ്പരം ബന്ദികൾ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്