ആലപ്പുഴ: ഡയാലിസിസ് ചെയ്‌തതിലെ വീഴ്‌ച കാരണം രണ്ടുപേർ മരിച്ച സംഭവത്തിൽ ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ചികിൽസാ പിഴവിനാണ് ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെയും രോഗിയായ രാജേഷ് കുമാറിന്റെയും ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. പുതിയ മെഡിക്കൽ ബോർഡ് രുപീകരിച്ച് അന്വേഷണം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞമാസം 29ന് ഡയാലിസിസിനെ തുടർന്ന് ആറുപേർക്കാണ് ദേഹാസ്വാസ്‌ഥ്യം ഉണ്ടായത്. ഇതിൽ മൂന്നുപേരുടെ സ്‌ഥിതി മോശമായിരുന്നതിനാൽ മറ്റു ആശുപത്രികളിൽ ചികിൽസ തേടുകയും അതിൽ രണ്ടുപേർ മരിക്കുകയും ചെയ്‌തിരുന്നു. ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60), കായംകുളം പുതുക്കാട്ട് വടക്കതിൽ മജീദ് (52) എന്നിവരാണ് മരിച്ചത്.
മൂന്നാമത്തെയാളായ കാർത്തികപ്പള്ളി വെട്ടുവേനി ദേവകൃപയിൽ രാജേഷ് കുമാർ (60) ചികിൽസയിലാണ്. രാജേഷിന്റെ കുടുംബവും താലൂക്ക് ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഡയാലിസിസ് ചെയ്യാനെത്തുമ്പോൾ മജീദിനെയും രാമചന്ദ്രനെയും കാണാറുള്ളതാണെന്ന് രാജേഷിന്റെ ഭാര്യ ശ്രീലേഖ പറഞ്ഞു.
”അന്ന് ഡയാലിസിസിനിടെ മജീദിന്റെ സ്‌ഥിതിയാണ് ആദ്യം മോശമായത്. പിന്നാലെ രാജേഷിന് ഛർദിയും വിറയലും തുടങ്ങി. രക്‌തസമ്മർദ്ദം താഴ്‌ന്നു. എന്നിട്ടും ഡയാലിസിസ് യൂണിറ്റിലെ ഡോക്‌ടർമാർ ഒന്നും പറഞ്ഞില്ല. അപകടം തോന്നി സ്വന്തം നിലയിലാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. അവിടെ ഡ്രിപ് ഇടുകയും കുത്തിവയ്‌ക്കുകയും ചെയ്‌തു.
വൈകീട്ടോടെ ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ച് വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തിയിട്ടും സ്‌ഥിതി മെച്ചപ്പെട്ടില്ല. തുടർന്ന് ആംബുലൻസ് വിളിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ശ്വസന സഹായം നൽകിയതോടെ നില മെച്ചപ്പെട്ടു. പിന്നാലെ രാമചന്ദ്രനെയും അവിടെ കൊണ്ടുവന്നു.
പക്ഷേ, ഐസിയു കിടക്ക ഒഴിവില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം മരിച്ചതായാണ് പിന്നീട് അറിഞ്ഞത്. നേരത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാനായേനെ”- ശ്രീലേഖ പറഞ്ഞു. അതേസമയം, ഭക്ഷ്യവിഷബാധ കാരണമാണ് രാജേഷിന്റെ സ്‌ഥിതി മോശമായെതെന്നാണ് ഡിസ്‌ചാർജ് റിപ്പോർട്ടിൽ പറയുന്നത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































