റിയാദ്: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. നിലവിലെ സഹാചര്യം ഇസ്രയേല്‍ ബന്ധത്തിന് അനുയോജ്യമല്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈല്‍ അറിയിച്ചു. പലസ്തീൻ-ഇസ്രയേല്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇക്കാര്യം പുനരാലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. അറബ് സമാധാന പദ്ധതിയില്‍ നിര്‍ദ്ദേശിച്ച ദ്വിരാഷ്ട്ര പ്രഖ്യാപനവും പലസ്തീൻ ഇസ്രായേല്‍ സമാധാന ഉടമ്പടിയും നടപ്പിലാകണമെന്നാണ് സൗദി ആഗ്രഹിക്കുന്നത്; വിദേശകാര്യ സഹമന്ത്രി പറഞ്ഞു.
അതേസമയം ഇസ്രായേലുമായി സമാധാന ചര്‍ച്ചകള്‍ തുടരുന്നതിന് സൗദി എതിരല്ലെന്നും ഇസ്രായേലിനെ അംഗീകരിക്കുന്നത് പൂര്‍ണ്ണമായും നിരാകരിക്കുന്ന നിലപാട് സൗദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സൗദി മുന്‍ഭരണാധികാരി ഫഹദ് രാജാവ് മുന്നോട്ട് വച്ച എട്ടിന ദ്വിരാഷ്ട്ര പദ്ധതിയില്‍ ഇത് പരാമർശിച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read Also: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും




































