ജറുസലേം: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയെ വധിച്ചതായി സ്‌ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്‌ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
എന്നാൽ, ഹിസ്ബുല്ല ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. ഹസൻ നസ്‌റല്ലയെ ലക്ഷ്യമിട്ട് തെക്കൻ ബെയ്‌റൂട്ടിലെ ദഹിയയിൽ ഇന്നലെ ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തിയിരുന്നു. വൻ സ്‌ഫോടനങ്ങളോടെ നാല് കെട്ടിട സമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്‌ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്‌തമാക്കി.
ഒരുമരണം അധികൃതർ സ്‌ഥിരീകരിച്ചു. 50 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്‌ച ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം അക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്. ഹിസ്ബുല്ലക്കെതിരെ ഒരാഴ്‌ചയായി ലെബനനിൽ തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.
ഗാസയിൽ ഹമാസിനെതിരെ സമ്പൂർണ വിജയം എന്ന യുദ്ധലക്ഷ്യം നേടുംവരെ ലെബനനിലും സൈനിക നടപടി തുടരുമെന്നാണ് നെതന്യാഹു വ്യക്‌തമാക്കിയത്. സംഭവത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യുഎൻ അറിയിച്ചു.
യുഎസും ഫ്രാൻസും ഉൾപ്പടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച 21 ദിന വെടിനിർത്തൽ നിർദ്ദേശത്തെ അപ്പാടെ നിരാകരിക്കുന്നതാണ് ഇസ്രയേൽ നടപടി. ലെബനനിൽ ഇസ്രയേൽ കരയുദ്ധത്തിന് കോപ്പുകൂട്ടുന്നെന്ന സൂചന നൽകി ലെബനനുമായി അതിർത്തി പങ്കിടുന്ന വടക്കൻ മേഖലകളിലേക്ക് ഇസ്രയേൽ കൂടുതൽ യുദ്ധടാങ്കുകളും കവചിത വാഹനങ്ങളും എത്തിക്കുന്നത് തുടരുകയാണ്.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി