ലഖ്‌നൗ: പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച ഉത്തർപ്രദേശിലെ ഹത്രസിൽ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മരിച്ചവരുടെ കുടുംബാംഗങ്ങളുമായും ദുരന്തത്തിൽ പരിക്കേറ്റവരുമായും രാഹുൽ സംസാരിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 5.10നാണ് രാഹുൽ ഡെൽഹിയിൽ നിന്നും ഹത്രസിലേക്ക് പുറപ്പെട്ടത്.
അഖിലേഷ് യാദവും ഒപ്പമുണ്ട്. ഹത്രസ് അപകടത്തിൽ 24 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭോലെ ബാബയുടെ അനുയായികളാണ് യുപി പോലീസിന്റെ കസ്‌റ്റഡിയിൽ ഉള്ളത്. രണ്ടു സ്‌ത്രീകളടക്കം ആറുപേരെ പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പ്രാർഥനാ ചടങ്ങിന്റെ സംഘാടകരും അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്.
ദുരന്തത്തിന് പിന്നാലെ ഒളിവിൽ പോയ ഭോലെ ബാബയുടെ പേര് ഇതുവരെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭോലെ ബാബയുടെ ക്രിമിനൽ ചരിത്രത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ആവശ്യമുണ്ടായാൽ ഇയാളെ ചോദ്യം ചെയ്യുമെന്നുമാണ് അലിഗഡ് റേഞ്ച് ഐജി ശലഭ് മാഥുർ പറഞ്ഞത്.
അതിനിടെ, പ്രധാന പ്രതി ദേവ് പ്രകാശ് മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി പോലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗുരു ഭോലെ ബാബയുടെ മുഖ്യ അനുയായിയാണ് മധുകർ. സർക്കാർ ഉദ്യോഗസ്‌ഥനായ ഇയാളാണ് സത്‌സംഗിന്റെ മുഖ്യസംഘാടകൻ. കുടുംബത്തോടൊപ്പം ഒളിവിലാണ് ഇയാൾ. മധുകർ ഉൾപ്പടെ 78 പേരാണ് പരിപാടിയുടെ സംഘാടക സമിതിയിൽ ഉണ്ടായിരുന്നത്.
Most Read| വാർഷിക ഉച്ചകോടിക്ക് പുട്ടിന്റെ ക്ഷണം; പ്രധാനമന്ത്രി റഷ്യയിലേക്ക്- പിന്നാലെ ഓസ്‌ട്രിയയിലേക്ക്