ഹൈദരാബാദ്: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്നാം തവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസ്‌താവന. എന്നാൽ, നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനത്ത് മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്ന് അമിത് ഷാ തുറന്നടിച്ചു.
തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘മോദിജിക്ക് 75 വയസ് തികയുന്നതിൽ കെജ്‌രിവാളും ഇന്ത്യ സഖ്യവും സന്തോഷിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാൻ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. മോദിജി വീണ്ടും പ്രധാനമന്ത്രിയാവുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യും’- അമിത് ഷാ പറഞ്ഞു.
നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാൽ അടുത്ത വർഷം അദ്ദേഹം സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും പകരം അമിത് ഷാ പ്രധാനമന്ത്രി ആകുമെന്നുമായിരുന്നു കെജ്‌രിവാളിന്റെ പ്രസ്‌താവന. ”ജനങ്ങൾ ഇന്ത്യ സഖ്യത്തോട് ചോദിക്കുന്നത്, ആരാണ് ഞങ്ങളുടെ പ്രധാനമന്ത്രിയെന്ന്. ഞാൻ ബിജെപിയോട് ചോദിക്കുന്നു ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി? ഈ സെപ്‌തംബർ 17ന് മോദിക്ക് 75 വയസ് തികയുകയാണ്. 75 വയസായാൽ പാർട്ടിയിലെ നേതാക്കൾ വിരമിക്കണമെന്നാണ് ചട്ടം”- കെജ്‌രിവാൾ വിശദീകരിച്ചു.
‘എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ, യശ്വന്ത് സിൻഹ എന്നിവർക്ക് നിർബന്ധിത വിരമിക്കലായിരുന്നു. മോദി സെപ്‌തംബർ 17ന് വിരമിക്കാൻ പോകുന്നു. ശിവരാജ് സിങ് ചൗഹാൻ, വസുന്ധര രാജെ, എംഎൽ ഖട്ടർ, രമൺ സിങ് എന്നിവരുടെ രാഷ്‌ട്രീയ ജീവിതവും അവസാനിച്ചു. അടുത്തത് യോഗി ആദിത്യനാഥാണ്. ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ രണ്ടു മാസത്തിനകം യുപി മുഖ്യമന്ത്രിയെ മാറ്റും. അമിത് ഷായ്ക്ക് വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്. മോദിയുടെ ഗ്യാരന്റി അമിത് ഷാ നടപ്പാക്കുമോ’? – കെജ്‌രിവാൾ ചോദിച്ചു.
Most Read| സംസ്‌ഥാനത്ത് വേനൽമഴ ശക്‌തമാകുന്നു; 15 വരെ യെല്ലോ അലർട് തുടരും