തിരുവനന്തപുരം : വീണ്ടും അന്താരാഷ്‌ട്ര അംഗീകാരം സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറുകയാണ് സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. അന്താരാഷ്‌ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസ് തിരഞ്ഞെടുത്ത 2020 ലെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 12 വനിതകളുടെ പട്ടികയിലാണ് മന്ത്രി ഇടം നേടിയത്. പ്രതിസന്ധികളെ തരണം ചെയ്‌ത് മുന്നേറുന്ന ലോകത്തെ മികച്ച വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആംഗലെ മെര്‍ക്കല്‍, കമലാ ഹാരിസ്, ജസിന്‍ഡ ആര്‍ഡേണ്‍, സ്‌റ്റേസി അംബ്രോസ് തുടങ്ങിയ പ്രമുഖരാണ് പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റ് വനിതകള്‍.
2020 ലെ മികച്ച വനിതകളുടെ പട്ടികയിലേക്ക് ഇത്തവണ നൂറിലേറെ നോമിനേഷനുകളാണ് എത്തിയത്. അതില്‍ നിന്നുമാണ് ലോകത്തെ മികച്ച 12 വനിതകളെ തിരഞ്ഞെടുത്തതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് വ്യക്‌തമാക്കി. ഇതിനു മുന്‍പും നിരവധി അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍ മന്ത്രിയെ തേടി എത്തിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച ആളുകളെ അംഗീകരിക്കാനായി ഐക്യരാഷ്‌ട്ര സഭ നടത്തിയ വെബിനാറില്‍ കെകെ ശൈലജ പങ്കെടുത്തിരുന്നു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍, ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നീ ആളുകള്‍ക്കൊപ്പമാണ് സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി വെബിനാറില്‍ പങ്കെടുത്ത് ആദരമേറ്റുവാങ്ങിയത്.
Read also : കര്‍ഷകര്‍ തെരുവില്‍; പുരസ്‌കാരം നിഷേധിച്ച് ശാസ്‌ത്രജ്‌ഞന്‍
ശേഷം ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ സീരീസിലും മന്ത്രിയെ ആദരിച്ചിരുന്നു. പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ലോകത്തെ മികച്ച വനിതാ നേതാക്കളെ പറ്റിയായിരുന്നു വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ സീരീസ്. കേരളത്തില്‍ ഉണ്ടായ നിപ, കോവിഡ് പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ മന്ത്രി നടത്തിയ പ്രവര്‍ത്തനങ്ങളെ അടിസ്‌ഥാനമാക്കിയാണ് വോഗ് ഇന്ത്യ മന്ത്രിയെ ആദരിച്ചത്.
കൂടാതെ അന്താരാഷ്‌ട്ര മാസികയായ പ്രോസ്‌പെക്‌ട് മാഗസിനും മന്ത്രിക്ക് ആദരമര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു. മികച്ച കാഴ്‌ചപ്പാടുകളുള്ള ലോകത്തെ മികച്ച 50 വ്യക്‌തികളുടെ പട്ടികയിലാണ് മന്ത്രി ശൈലജ ഒന്നാമതെത്തിയത്. നിപ, കോവിഡ് വൈറസുകള്‍ക്കെതിരെ മന്ത്രി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവിനെ പറ്റി മാഗസീന്‍ വിശദമായി ചര്‍ച്ച ചെയ്‌തിരുന്നു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡനെ പട്ടികയില്‍ രണ്ടാം സ്‌ഥാനത്ത് ആക്കിയാണ് മന്ത്രി ശൈലജ ഒന്നാമതെത്തിയത്.
Read also : കൊടുംതണുപ്പിനെ അവഗണിച്ച് കര്‍ഷകര്‍; സമരത്തെ പിന്തുണച്ച് ക്രിക്കറ്റ് താരം മന്‍ദീപ് സിങ്




































