തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടൽ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
അന്വേഷണം നടത്തി ആവശ്യമെങ്കില്‍ സെക്യൂരിറ്റി ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിർദ്ദേശിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സെക്യൂരിറ്റി ഓഫിസറുടെ കീഴില്‍ നടത്തണം. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും ആരോഗ്യമന്ത്രി നിർദ്ദേശം നല്‍കി.
സംഭവത്തില്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറും സിറ്റി പോലീസ് കമ്മീഷണറും മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട് കൈമാറാനാണ് നിർദ്ദേശം.
വെള്ളിയാഴ്‌ചയാണ് സംഭവമുണ്ടായത്. ബന്ധുവിന് കൂട്ടിരിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ ദേവ്. വാര്‍ഡില്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടർന്ന് പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ അരുണിനെ മർദ്ദിക്കുകയായിരുന്നു.
മർദ്ദനമേറ്റ അരുണ്‍ ദേവ് പോലീസിൽ പരാതി നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അത്യഹിത വിഭാഗത്തില്‍ ചികിൽസക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് അരുണിനെ വീണ്ടും മർദ്ദിച്ചു. അരുണിന് സാരമായി പരുക്കേറ്റിരുന്നു. സംഭവത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജ് പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Also Read: മിഠായിയിൽ ഒളിപ്പിച്ച് ലഹരികടത്ത്; വൻവേട്ടയുമായി എൻസിബി








































