കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തം അസാധാരണ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തീപിടിത്തവുമായി ബന്ധപ്പെട്ട് പിഡബ്‌ളൂഡി ഇലക്‌ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട് ലഭിച്ചു. ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ ബാറ്ററിയുടെ തകരാർ മൂലമോ ആയിരിക്കാം പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മെഡിക്കൽ കോളേജിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എംആർഐ മെഷീന്റെ യുപിഎസ് മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് പരിശോധന നടത്തുന്നുണ്ട്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് വിഭാഗവും പരിശോധന നടത്തുന്നുണ്ട്. ഈ അന്വേഷണങ്ങൾ പൂർത്തിയായി അതിന്റെ റിപ്പോർട് വരുമ്പോഴാണ് അപകടകാരണം മനസിലാകൂ.
പൊട്ടിത്തെറിച്ച യുപിഎസ് മെഷീന് 2026 ഒക്‌ടോബർ വരെ വാറന്റിയുണ്ട്. ഇതുവരെ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ടും സംഭവസമയത്ത് മരിച്ച അഞ്ചുപേരുടെ മരണവുമായി ബന്ധപ്പെട്ടും പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കും.
151 രോഗികളാണ് അത്യാഹിത വിഭാഗത്തിൽ ഇന്നലെ ഉണ്ടായിരുന്നത്. അതിൽ 114 പേർ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിൽസ തുടരുന്നുണ്ട്. 37 പേർ മറ്റ് ആശുപത്രികളിലേക്ക് പോയി. അതിൽ ഏറ്റവും കൂടുതൽ പേർ പോയത് ജനറൽ ആശുപത്രിയിലേക്കാണ്. 12 പേർ അവിടേക്ക് പോയി. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് മറ്റുള്ളവർ പോയത്.
അഞ്ചുപേരുടെ മരണമാണ് ഈ സമയത്ത് ആശുപത്രിയിൽ നടന്നത്. ഒരാളെ കൊണ്ടുവന്നപ്പോൾ തന്നെ മരിച്ച നിലയിലായിരുന്നു. ഒരാൾക്ക് ഏഴുമണിക്ക് ഹൃദയാഘാതമുണ്ടായി. ഒരാളാണ് വെന്റിലേറ്ററിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തെ വെന്റിലേറ്ററോട് കൂടിയാണ് പുറത്തെത്തിച്ചത്. മറ്റൊരാളെ ബദൽ സംവിധാനത്തിലൂടെ ഐസിയുവിലേക്ക് എത്തിച്ചെന്നും ഡോക്‌ടർമാർ പറഞ്ഞു. ഇക്കാര്യങ്ങൾ വിദഗ്‌ധരായ മെഡിക്കൽ സംഘം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് മൃതദേഹങ്ങളും പോസ്‌റ്റുമോർട്ടം ചെയ്യും. കുടുബാംഗങ്ങളുടെ സംശയം ഇല്ലാതാക്കുകയാണ് പ്രധാനം. പരാതികളിൽ അന്വേഷണം ഉണ്ടാകും. ഇന്ന് വൈകീട്ടോടെ വൈദ്യുതി പൂർണമായി പുനഃസ്‌ഥാപിക്കാൻ ശ്രമിക്കും. തീപിടിത്തമുണ്ടായ ബ്ളോക്ക് പരമാവധി മൂന്നുദിവസത്തിനകം പ്രവർത്തനം പുനരാരംഭിക്കും. രോഗികളുടെ ചികിൽസാ ചിലവുമായി ബന്ധപ്പെട്ട കാര്യം സ്വകാര്യ ആശുപത്രികളുമായി സംസാരിക്കും.
പണമില്ലാതെ ചികിൽസ മുടങ്ങുന്ന സാഹചര്യമുണ്ടാകില്ല. രോഗികൾക്ക് മെഡിക്കൽ കോളേജിൽ ചികിൽസ തുടരണമെങ്കിൽ അതിനും തടസമില്ല. ഏതെങ്കിലും ആശുപത്രി ചികിൽസ നിഷേധിക്കുന്നെങ്കിൽ അവിടെ സർക്കാർ ഇടപെടുമെന്നും മന്ത്രി ഉറപ്പ് നൽകി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനോട് ചേർന്നുള്ള യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നത്.
പുക കണ്ടയുടൻ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു. മൊത്തം 200 രോഗികൾ ഉണ്ടായിരുന്നു. ഇവരെ മെഡിക്കൽ കോളേജ് വാർഡ്, ഐസിയു, സൂപ്പർ സ്‌പെഷ്യാലിറ്റി, ടെറിഷ്വറി കാൻസർ കെയർ, സമീപത്തെ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്.
Most Read| കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ; പാക്കിസ്‌ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്