തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലും നാളെ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇടുക്കി ജില്ലയിലെ പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചത്.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധിമൂലം നഷ്ടപ്പെടുന്ന പഠനസമയം ഓൺലൈൻ ക്ളാസുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കാൻ അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.
പാലക്കാട് പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. റെസിഡൻസി സ്കൂളുകൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
മലപ്പുറം ജില്ലയിലും പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ശാസ്ത്രോൽസവത്തെ അവധി ബാധിക്കില്ലെന്നും കലക്ടർ അറിയിച്ചു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്








































