കൊച്ചി: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മഴ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലും കോതമംഗലം, എറണാകുളം താലൂക്കുകളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. വയനാട് കല്ലൂർ പുഴയിലും നൂൽപ്പുഴയിലും ജലനിരപ്പ് ഉയർന്നതായാണ് റിപ്പോർട്. കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.
കുട്ടികളടക്കം എട്ടുപേരെ തിരുവണ്ണൂർ അങ്കണവാടിയിലേക്കാണ് മാറ്റിപ്പാർപ്പിച്ചത്. അവശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും. രാത്രി 11.30ഓടെ നൂൽപ്പുഴ പഞ്ചായത്ത് അധികൃതരും പോലീസും എത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. ഇരിട്ടി പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
മലപ്പുറം ജില്ലയിലും മഴ തുടരുകയാണ്. മലയോര മേഖലകളായ നിലമ്പൂർ, വഴിക്കടവ്, എടക്കര, പോത്തുകല്ലു ഭാഗങ്ങളിൽ ശക്‌തമായ മഴ തുടരുകയാണ്. ചാലിയാർ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കി ജില്ലയിലും കനത്ത മഴ തുടരുകയാണ്. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ 360 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. പാംബ്ള ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. പൊൻമുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 133.40 അടി ആയി ഉയർന്നിട്ടുണ്ട്.
Most Read| പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി; നാവികസേന ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ