തിരുവനന്തപുരം: കേരളത്തിൽ ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌ത മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കും.
ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കും. അടുത്ത മണിക്കൂറുകളിൽ ശബരിമല സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
അലർട്ടുള്ള പ്രദേശങ്ങളിൽ കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയങ്ങളും സൃഷ്‌ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്‌ടിച്ചേക്കാം. പൊതുജങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മഴ കനത്തതോടെ പമ്പയിൽ ജലനിരപ്പ് ഉയർന്നു. പുലർച്ചെ നാലിന് ശേഷമാണ് ജലനിരപ്പ് കൂടിയത്. പമ്പാനദി കലങ്ങി. കക്കയാറ്റിലും ഒഴുക്ക് ശക്‌തമായി. ജലസേചന വകുപ്പ് ആറാട്ടുകടവ് തടയാൻ തുറന്ന് വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കിവിടുകയാണ്. അതിനാൽ, തീർഥാടകർ പുണ്യ സ്‌നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാനായി.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീർഥാടകർ പമ്പാ നദിയിൽ കുളിക്കാൻ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി. ശബരിമല എഡിഎം അരുൺ എസ് നായർ പമ്പയിൽ ക്യാംപ് ചെയ്‌ത് സ്‌ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേന, പോലീസ്, ജലസേചന വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ പമ്പാ മണപ്പുറത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































