തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. അടുത്ത അഞ്ചു ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുത്തു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
മൂന്ന് ജില്ലകളിൽ റെഡ് അലർട് തുടരും. മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്. ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയത്ത് മഴക്കൊപ്പമെത്തിയ ശക്‌തമായ കാറ്റിൽ വ്യാപക നാശനഷ്‌ടം ഉണ്ടായി.
പാലാ പ്രവിത്താനത്ത് മരം റോഡിലേക്ക് വീണ് വൈദ്യുതി പോസ്‌റ്റുകൾ അടക്കം തകർന്നു. പ്രവിത്താനം- ഉള്ളനാട് റോഡിൽ ഗതാഗത തടസമുണ്ട്. റോഡരികിൽ പാർക്ക് ചെയ്‌ത വാഹനങ്ങൾക്കും കേടുപാടുകളുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവം. കുമരകം- ചേർത്തല റോഡിൽ ബണ്ട് റോഡിൽ മരം കടപുഴകി വീണു. രണ്ടു കാറുകൾക്ക് മുകളിലേക്കാണ് മരം വീണത്. വാഴൂർ- ചങ്ങനാശേരി റോഡിലും മരം വീണ് ഗതാഗത തടസമുണ്ടായി.
കനത്ത മഴയെ തുടർന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ജില്ലാ കളക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർഗോഡ് ജില്ലയിൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. മാഹിയിലും ഇന്ന് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധിയാണ്.
Most Read| ‘പുറത്താക്കൽ നടപടി തിരക്കഥയുടെ ഭാഗം’; സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് പ്രമോദ് കോട്ടൂളി