കോഴിക്കോട്: പിഎസ്‌സി കോഴവിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെതിരെ സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് പ്രമോദ് കോട്ടൂളി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് പ്രമോദ് കോട്ടൂളിയുടെ ആരോപണം. നിയമ വിദഗ്‌ധരുമായി ആലോചിച്ചു പോലീസിന് പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു.
കൃത്യമായി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്‌ഥാനത്തിലാണ് പുറത്താക്കൽ നടപടി ഉണ്ടായത്. തിരക്കഥ എഴുതിയത് ആരെന്ന് പുറത്തുവരേണ്ടതുണ്ട്. തിരക്കഥ എഴുതിയവർ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടു വരണം. തന്റെ വിശദീകരണം പാർട്ടി മുഖവിലയ്‌ക്ക് എടുത്തില്ലെന്നും പ്രമോദ് ആരോപിച്ചു.
പിഎസ്‌സി കോഴ വിവാദത്തിൽ പാർട്ടിയെ ഒരുവിഭാഗം തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമപോരാട്ടം തുടരുമെന്നും പ്രമോദ് കോട്ടൂളി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. താൻ കോഴ വാങ്ങിയോ എന്ന് പൊതുസമൂഹത്തിന് അറിയണം. അതിന് വേണ്ടിയാണ് പോരാട്ടം. പാർട്ടിയെ തള്ളിപ്പറയില്ലെന്നും പ്രമോദ് പറഞ്ഞിരുന്നു.
അതേസമയം, പിഎസ്‌സി അംഗത്വം ലഭിക്കാൻ കോഴ വാങ്ങിയെന്ന് താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നും പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്നും ചേവായൂർ സ്വദേശി ശ്രീജിത്ത് വെളിപ്പെടുത്തി. താനും പ്രമോദും വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. പ്രമോദുമായി ഒരു പണമിടപാടുമില്ല. താനും കുടുംബവും മംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. പണം കൊടുത്ത് ജോലി വാങ്ങേണ്ട ആവശ്യം തന്റെ കുടുംബത്തിനില്ലെന്നും ശ്രീജിത്ത് വ്യക്‌തമാക്കിയിരുന്നു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!