തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാല് ലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു.
കനത്ത മഴയിൽ പ്രതിസന്ധിയിലായ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയക്കും. ജനങ്ങളുടെ സുരക്ഷക്കായി പ്രാർഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ആഭ്യന്തര, ഭൗമ, ജലവിഭവ മന്ത്രാലയങ്ങൾ സംയുക്തമായാണ് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളില്‍ ജലനിരപ്പ് കുറയുകയാണെന്നും നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് കേന്ദ്ര ജലകമ്മിഷന് അറിയിച്ചു. കൂടാതെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്.
അതേസമയം, കോട്ടയം ജില്ലയിലെ കൂട്ടക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഓലിക്കല്‍ ഷാലറ്റിന്റെ (29) മൃതദേഹമാണ് കണ്ടെത്തിയത്. പ്ളാപ്പള്ളിയില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുകളാണ് ഇവിടെ ഉണ്ടായതെന്നാണ് റിപ്പോർട്.
Also Read: യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ; അന്വേഷണം







































