തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ. മിക്ക ജില്ലകളിലും ഉച്ചമുതൽ കനത്ത മഴയാണ് പെയ്യുന്നത്. ചൊവ്വാഴ്‌ച വരെയാണ് കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട് തുടരുന്നത്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അലർട്ടാണ്. നാളെയും മറ്റന്നാളും മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടായിരിക്കും.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വരെ പെയ്‌ത മഴയിൽ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ ളാഹയിലാണ്. ആകെ 130 മില്ലീമീറ്റർ മഴ ലഭിച്ച ഇവിടെ ഇന്ന് മാത്രം രണ്ടരമണിക്കൂറിൽ 121 മില്ലീമീറ്റർ മഴ ലഭിച്ചു. ഇതുവരെ ആകെ പെയ്‌ത മഴയുടെ കണക്കുകളിൽ രണ്ടാമതായി കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് കുന്ദമംഗലമാണ്. 116 മില്ലീമീറ്ററാണ് ഇവിടെ പെയ്‌ത മഴ.
ഇന്ന് മാത്രം പെയ്‌ത മഴയുടെ കണക്കുകൾ പ്രകാരം പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്‌തത്. പാലക്കാട് മംഗലം ഡാമിൽ 75 മിനിറ്റിൽ 72 മില്ലീമീറ്റർ മഴയും കോഴിക്കോട് കുന്ദമംഗലത്ത് 75 മിനിറ്റിൽ 93 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്‌ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കർശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഖനന പ്രവർത്തനങ്ങൾ നിർത്തിവെച്ചു. കൂടാതെ, തീരപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും വിനോദസഞ്ചാരം നിരോധിച്ചു. പത്തനംതിട്ട ജില്ലയിൽ രാത്രിയാത്രാ നിരോധനവും ഏർപ്പെടുത്തി. ഇതിന് പുറമേ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണമെന്നും അറിയിപ്പുണ്ട്.
Most Read| കിർഗിസ്‌ഥാനിലെ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ