തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുന്ന അഞ്ചുദിവസം കൂടി ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. തെക്കൻ കേരളത്തിൽ സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട് തുടരും. മഴ മുന്നറിയിപ്പുള്ളതിനാൽ തൃശൂർ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക്-പടിഞ്ഞാറൻ രാജസ്‌ഥാന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. വടക്ക്-പടിഞ്ഞാറൻ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്‌ചിമ ബംഗാൾ, ബംഗ്ളാദേശ് തീരത്തിനും മുകളിലായി നാളെ ചക്രവാതച്ചുഴി രൂപപ്പെടാനും 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്‌തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇന്നും നാളെയും സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 135.30 അടിക്ക് മുകളിലാണ് ജലനിരപ്പ്. ശക്‌തമായ മഴ തുടർന്നാൽ റൂൾ കർവ് പ്രകാരം ഇന്ന് അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നേക്കും.
നിലവിലെ റൂൾ കർവ് പ്രകാരം ജൂൺ 30 വരെ 136 അടി വെള്ളമാണ് തമിഴ്‌നാടിന് സംഭരിക്കാൻ കഴിയുക. അതിന് മുകളിലേക്ക് ജലനിരപ്പ് ഉയരാതെ നിർത്തേണ്ടതിനാലാണ് ഷട്ടറുകൾ തുറക്കേണ്ടി വരുന്നത്. പെരിയാർ, മഞ്‌ജുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്‌ടർ വി. വിഘ്‌നേശ്വരി റവന്യൂ, പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി.
ഇവർക്കായി ഇരുപതിലധികം ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യർഥിച്ചതായും കലക്‌ടർ അറിയിച്ചു. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും കലക്‌ടർ അറിയിച്ചു.
Most Read| കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ; ആദ്യ സർവീസ് തീയതി പ്രഖ്യാപിച്ചു